KOYILANDY DIARY.COM

The Perfect News Portal

കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജസ്‌നയെ ബംഗളൂരുവില്‍ കണ്ടതായി സൂചന

ബംഗളൂരു: മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ത്ഥിനി ജെസ്‌ന കൂട്ടുകാരനൊപ്പം ബംഗളൂരുവില്‍ എത്തിയിരുന്നുവെന്നും യാത്രയ്ക്കിടെ ഉണ്ടായ അപകടം കണക്കുകൂട്ടലുകള്‍ തെറ്റിച്ചതോടെ ബംഗളൂരു ധര്‍മ്മാറാം കോളേജിന് സമീപത്തെ ആശ്വാസഭവനില്‍ എത്തുകയായിരുന്നു എന്നും ഏതാണ്ട് സ്ഥിരീകരിച്ച്‌ അന്വേഷണ സംഘം. ഇതോടെ മലയാളി വിദ്യാര്‍ത്ഥിനിയെ കാണാതായ കേസിന് ഉടന്‍ തുമ്ബുണ്ടാവുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

തൃശൂര്‍ സ്വദേശിയായ, സമ്ബന്നനായ ഒരു യുവാവിനൊപ്പമാണ് ജെസ്‌ന എത്തിയതെന്നും ആശ്വാസഭവന്‍ അധികൃതര്‍ പറയുന്നു. ഇവരാണ് യുവതിയുടെ ഫോട്ടോ അഭയംതേടി എത്തിയിരുന്നതായി തിരിച്ചറിഞ്ഞത്. ഇതോടെ ജെസ്‌ന തന്നെയാണ് എത്തിയതെന്ന് ഉറപ്പിക്കാന്‍ പൊലീസ് ആശ്വാസഭവനിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.

യാത്രയ്ക്കിടെ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് ഇരുവരും ആശ്വാസ് ഭവനില്‍ എത്തുന്ന സാഹചര്യം ഉണ്ടായത്. മാര്‍ച്ച്‌ 22നാണ് ജെസ്ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തിയെന്ന് ആണ് ആശ്വാസ ഭവനില്‍ ഇവര്‍ പറഞ്ഞിട്ടുള്ളത്. ചെങ്കോട്ട വഴി ബംഗളൂരുവിന് പോകാനായിരുന്നു പദ്ധതി.

Advertisements

തൃശൂര്‍ സ്വദേശിയായ സമ്ബന്ന കുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. വിവാഹത്തിന് രണ്ടുവീട്ടുകാരും സമ്മതിച്ചില്ലെങ്കിലോ എന്ന ആശങ്കയാലാണ് ഇരുവരും ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥരും പങ്കുവയ്ക്കുന്നു. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും സഹിതമായിരുന്നു യാത്രയെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും ആന്റോ ആന്റണി എംപിയും വ്യക്തമാക്കിയിരുന്നു. ബംഗളൂരു എത്തുന്നതിന് മുമ്ബ് ഇരുവരും റോഡരികില്‍ കരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംകരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. പക്ഷേ, ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോ വന്നിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും തട്ടിയെടുത്തു കടന്നു. ഇതോടെയാണ് അപകടത്തില്‍ പരിക്കേറ്റ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി എത്തുകയായിരുന്നു. ഇവിടെ വച്ച്‌ പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് ഇവരെ കണ്ടതാണ് ഇപ്പോള്‍ അന്വേഷണത്തില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെട്ടു. ഇതോടൊപ്പം ആന്റോ ആന്റണി എംപിയെയും വിവരമറിയിച്ചു. പണം കൊള്ളയടിക്കപ്പെടുകയും അപകടത്തില്‍ പെടുത്തുകയും ചെയ്തതോടെ പരിഭ്രാന്തരായാണ് ഇരുവരും ആശ്വാസ ഭവനില്‍ അഭയം തേടാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് കരുതുന്നത്. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്നും ജെസ്ന ആവശ്യപ്പെട്ടതായും പറയുന്നുണ്ട്.

ജെസ്നയെ കണ്ടെത്തണം എന്നാവശ്യപ്പെട്ട് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് പതിനഞ്ചംഗ സംഘത്തെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നിയോഗിച്ചത്. ഇതോടെ അന്വേഷണം ഊര്‍ജിതമായി.

തൃശൂരിലെ യുവാവിനൊപ്പമാണ് യുവതി പോയതെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന തൃശൂരിലു ബംഗളൂരുവിലുമായി രണ്ട് സംഘങ്ങളായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന. കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് കേസ് അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പിച്ചതും അത് ഫല്പ്രാപ്തിയിലെത്തുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നതും.

Share news

Leave a Reply

Your email address will not be published. Required fields are marked *