കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസായിരുന്നു, വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കാക്കനാട് പടമുകളിലെ വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അതിനിടെയാണ് അന്ത്യം. മക്കളായ ഡോ. ശോഭയുടെയും ഭര്‍ത്താവ് ഡോ. ജോര്‍ജിന്റെയും പരിചരണത്തിലായിരുന്നു അദ്ദേഹം.
1926 മാര്‍ച്ച് ഏഴിന് കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മുളക്കുളം എന്ന ഗ്രാമത്തിലാണ് ചാക്കോ ജനിച്ചത്. ഏഴുമക്കളില്‍ ആറാമനായാണ് ജനനം. കുടുംബ പേരാണ് ചെമ്മനം. പിതാവ് യോഹന്നാന് കത്തനാര് വൈദികനായിരുന്നു. പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, ആലുവ യു.സി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

മലയാള സാഹിത്യത്തിലും ഭാഷയിലും റാങ്കോടെ ഓണേഴ്സ് ബിരുദം നേടി. അതിന് ശേഷം പിറവം സെന്റ്. ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സെന്റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കേരള സര്‍വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കി. 1968 മുതല്‍ 86 വരെ കേരളസര്‍വകലാശാലയില്‍ പുസ്തക പ്രസിദ്ധീകരണ വകുപ്പിന്റെ ഡയറക്ടറായും ജോലി നോക്കി.

1940കളിലാണ് സാഹിത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 1946ല്‍ ചക്രവാളം മാസികയില്‍ ‘പ്രവചനം’ എന്ന കവിത ആദ്യമായി പ്രസിദ്ധീകരിച്ചു. 47ല്‍ വിളംബരം എന്ന കവിതാസമാഹാരം പുറത്തിറക്കി. 1965ല്‍ പ്രസിദ്ധീകരിച്ച ‘ഉള്‍പ്പാര്‍ട്ടി യുദ്ധം’ എന്ന കവിതയിലൂടെയാണ് ചെമ്മനം ചാക്കോ വിമര്‍ശന ഹാസ്യത്തിലേക്ക് തിരിഞ്ഞത്.

1967ല്‍ കനകാക്ഷരങ്ങള്‍ എന്ന വിമര്‍ശനകവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. ഇരുപത്തിരണ്ടോളം കവിതാഗ്രന്ഥങ്ങളും ബാലസാഹിത്യ കവിതകളും കഥകളും രചിച്ചിട്ടുണ്ട്. ഇതോടൊപ്പം വിമര്‍ശനഹാസ്യ ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.
തോമസ് വയസ് 28 എന്ന ചെറുകഥാസമാഹാരവും പുറത്തിറക്കി. കേരള സാഹിത്യ അക്കാദമിയില്‍ നിന്നു കവിതാ അവാര്‍ഡ് (രാജപാത -1977), ഹാസ്യസാഹിത്യ അവാര്‍ഡ് (കിഞ്ചന വര്‍ത്തമാനം -1995), സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം (2006) ഇവ ലഭിച്ചു. ആശാന് സ്മാരക കവിതാ പുരസ്കാരം (2016), കുഞ്ചന്‍ നമ്ബ്യാര്‍ കവിതാപുരസ്കാരം (2012), മഹാകവി ഉള്ളൂര്‍ കവിതാ അവാര്‍ഡ് (2003), സഞ്ജയന് അവാര്‍ഡ് (2004), പി. സ്മാരക പുരസ്കാരം (2004), പണ്ഡിറ്റ് കെ.പി. കറുപ്പന് അവാര്‍ഡ് (2004), മൂലൂര്‍ അവാര്‍ഡ് (1993), കുട്ടമത്ത് അവാര്‍ഡ് (1992), സഹോദരന് അയ്യപ്പന് അവാര്‍ഡ് (1993), എ.ഡി. ഹരി ശര്‍മ അവാര്‍ഡ് (1978) എന്നിവയും ചെമ്മനത്തെ തേടി എത്തി.
കേരള സാഹിത്യ അക്കാദമി, ഓഥേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ, സമസ്ത കേരള സാഹിത്യ പരിഷത്ത്, മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി മലയാളം അഡ്വൈസറി ബോര്‍ഡ് തുടങ്ങിയവയില്‍ നിര്‍വാഹക സമിതി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാള കവിതയിലേക്കുള്ള ചെമ്മനം ചാക്കോയുടെ വരവ് മുളക്കുളം പാടവരമ്ബിലൂടെയായിരുന്നു. കോട്ടയം ജില്ലയിലെ വൈക്കം മുളക്കുളം ഗ്രാമത്തിലെ കാര്‍ഷിക കുടുംബത്തില്‍ പിറന്ന ചെമ്മനം സാഹിത്യകാരനായി മാറിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരു വേലക്കള്ളന്‍ വായനയുടെ വഴിക്കു തിരിഞ്ഞതാണ് അതിനു കാരണം’. കൃഷിപ്പണിയെന്ന വേലയില്‍ നിന്നു രക്ഷപ്പെടാന്‍ വായനയില്‍ അഭയം കണ്ടെത്തിയതാണ് ആ കഥ.
കാര്‍ഷിക കുടുംബങ്ങളില്‍ രാവിലെയും വൈകിട്ടും അവധി ദിനങ്ങളിലും കുട്ടികള്‍ക്കും ചില്ലറ കൃഷിപ്പണികളും വീട്ടുജോലികളും ചെയ്യാനുണ്ടാകും. കുടുംബത്തിലെ ഏഴു മക്കളില്‍ ആറാമനായ ചെമ്മനത്തിന്റെ കാലമായപ്പോഴേക്കും അദ്ദേഹത്തെയും അനിയനെയും പഠിപ്പിക്കാന്‍ അപ്പനും കൃഷിപ്പണിയില്‍ വിദഗ്ധരായ ചേട്ടന്മാര്ക്കും മോഹം. പഠിക്കാനുണ്ടെന്നു പറഞ്ഞാല്‍ പണികളില്‍ ഇളവു കിട്ടുമെന്നതിനാല്‍ ചാക്കോച്ചന് എപ്പോഴും പഠിക്കാനുണ്ടായിരുന്നു.
വീട്ടിലെ തെക്കെമുറിയില്‍ കയറിയിരുന്നു പ്രത്യേകിച്ചു പണി എന്തെങ്കിലും ചെയ്യാന്‍ പറയാന്‍ സാധ്യതയുള്ള നേരത്തു പൊരിഞ്ഞ വായനയായിരിക്കും. ചെറിയ ക്ലാസുകളില്‍ കൂടുതലൊന്നും വായിച്ചു പഠിക്കാനില്ലാതിരുന്നതിനാല്‍ ഗ്രാമീണ വായനശാലയില്‍നിന്നു ചേട്ടന്മാര് എടുത്തുവച്ച പുസ്തകങ്ങളിലേക്കു വായന തിരിഞ്ഞു. അതിനു പുറമെ ആ വായനശാലയില്‍നിന്ന് പുസ്തകമെടുക്കാന്‍ തുടങ്ങി. അങ്ങനെ തനിക്കു ചുറ്റും കാണുന്ന സമൂഹത്തിനു പുറമെ സാഹിത്യലോകത്തെ കഥാപാത്രങ്ങളും അന്തരീക്ഷവുമെല്ലാമായി പുതിയൊരു സൗഹൃദം സ്ഥാപിക്കുന്നതില്‍ രസം പിടിച്ചതായും ഇക്കാലത്തെക്കുറിച്ച് ചെമ്മനം ഓര്‍മിച്ചിട്ടുണ്ട്.
ബാലിശമായ ഒരു പൊങ്ങച്ചത്തില്‍ വായനശാലയില്‍നിന്നു പുസ്തകമെടുത്താല്‍ റോഡിലൂടെപോലും വായിച്ചാണ് ബാലനായ ചെമ്മനം വീട്ടിലേക്കു വരുന്നത്. പഠനം ആറു കിലോമീറ്റര്‍ ദൂരെയുള്ള പിറവം ഹൈസ്കൂളിലേക്കു മാറിയപ്പോള്‍ ആദ്യ രണ്ടു കിലോമീറ്റര്‍ പാടവരമ്ബുകളില്ക്കൂടി രാവിലെയും വൈകിട്ടും തനിച്ചു പോകേണ്ടതുണ്ടായിരുന്നു.
വരമ്ബിലൂടെ പുസ്തകം വായിച്ചുകൊണ്ടുപോവുക ദുഷ്കരമായി. അപ്പോള്‍ വള്ളത്തോളിന്റെ സാഹിത്യമഞ്ജരി പോലുള്ള പുസ്തകങ്ങളിലെ കവിതകള്‍ മനപ്പാഠമാക്കാന്‍ ഈ അവസരം വിനിയോഗിച്ചു. ഒരു കാവ്യസംസ്കാരം തന്നില്‍ ഉടലെടുക്കാന്‍ അതു സഹായകരമായെന്നാണ് പിന്നീട് ചെമ്മനം ഇതേക്കുറിച്ചു വിലയിരുത്തിയത്. കവിതയിലേക്കുള്ള തന്റെ വരവ് ആ മുളക്കുളം പാടവരമ്ബുകളിലൂടെയായിരുന്നുവെന്നു പില്ക്കാലത്തു പറയാന്‍ ചെമ്മനത്തെ പ്രേരിപ്പിച്ചതും പച്ചപ്പാര്‍ന്ന ഈ ഗ്രാമീണ അനുഭവങ്ങളാണ്.
കാക്കനാട് പടമുകള്‍-പാലച്ചുവട് റോഡിലൂടെ മുണ്ടും മടക്കിക്കുത്തി നടന്നു വരുന്ന ചെമ്മനം ചാക്കോ നാട്ടുകാര്‍ക്കു സുപരിചിതനാണ്. ചിന്നമ്ബിള്ളിച്ചിറയിലേക്കു തിരിയുന്ന ജംഗ്ക്ഷനിലെ ‘ചെമ്മനം’ വീടിന്റെ പൂമുഖത്തും ഗേറ്റിലും സ്ഥിര സാന്നിധ്യമായിരുന്നു ചെമ്മനം ചാക്കോ. ചെറുതും വലുതുമായ ഏതു ചടങ്ങിലേക്കു ക്ഷണിച്ചാലും അദ്ദേഹമെത്തും. സദസില്‍ കുട്ടികളാണ് കൂടുതലെങ്കില്‍ കഥ പറയും. എട്ടു മാസത്തോളമായി പൊതുചടങ്ങുകളില്‍ അപൂര്‍വമായേ പങ്കെടുത്തിരുന്നുള്ളൂ.
