കവളപ്പാറയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരും

മലപ്പുറം: നിലമ്പൂര്‍ കവളപ്പാറയിലെ ദുരന്തത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 11 പേര്‍ക്കായി രണ്ടു ദിവസം കൂടി തിരച്ചില്‍ തുടരാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ മലപ്പുറം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബന്ധുക്കളുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് തിരച്ചില്‍ തുടരാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഓഗസ്റ്റ് ഒന്‍പതിന് തുടങ്ങിയ തിരച്ചിലില്‍ ഇതുവരെ 48 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലും ഒരു മൃതദേഹം പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശത്തെ മണ്ണുമൂടിയ ഭാഗങ്ങളിലെല്ലാം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.ഇതോടെ തിരച്ചില്‍ തുടരണോ എന്ന ആലോചനയിലായി ജില്ലാ ഭരണകൂടം. ഇതേതുടര്‍ന്നാണ് ഇന്ന് കാണാതായവരുടെ ബന്ധുക്കളെ കൂടി ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത്.

കാണാതായ 11 പേര്‍ക്കായി സാധ്യമായ തിരച്ചിലെല്ലാം നടത്തിയെന്ന് ജില്ലാ ഭരണകൂടം യോഗത്തില്‍ അറിയിച്ചു. രണ്ടു ദിവസം കൂടി തുടരുന്ന തിരച്ചിലില്‍ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

അതിനിടെ ഞായറാഴ്ച നടത്തിയ തിരച്ചിലിനിടെ വീണ്ടും പ്രദേശത്ത് ശക്തമായ മഴ പെയ്തു. ഇതിന് പിന്നാലെ ചെറിയ തോതില്‍ മണ്ണിടിച്ചിലുമുണ്ടായി. ഇതേതുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് ശേഷം തിരച്ചില്‍ നിര്‍ത്തി.

