കള്ളനെ പിടിക്കൂ, ജയിലിലടയ്ക്കൂ; പ്രതിഷേധവുമായി കൊല്‍ക്കത്ത

കൊല്‍ക്കത്ത > കള്ളന്മാരെ രക്ഷിക്കാന്‍ പൊലീസിനെയും സിബിഐയെയും അണിനിരത്തി അരങ്ങേറുന്ന തൃണമൂല്‍– ബിജെപി നാടകം അവസാനിപ്പിച്ച് ചിട്ടി ഫണ്ട് തട്ടിപ്പിലെ കുറ്റവാളികളെ രംഗത്തു കൊണ്ടുവരണമെന്നും നിക്ഷേപകര്‍ക്ക് പണം ലഭ്യമാക്കാനുമുള്ള നടപടി വേണമെന്നും ആവശ്യപ്പെട്ട് കൊല്‍ക്കത്തയിലും സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലും സിപിഐ എം ആഭിമുഖ്യത്തില്‍ വന്‍ പ്രകടനങ്ങള്‍ അരങ്ങേറി.
‘ചോര്‍ ധരോ ജലേ ഭരോ’ (കള്ളനെ പിടിക്കൂ ജയിലിലടയ്ക്കൂ) എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പ്രകടനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മൗലാലി രാംലീലാ പാര്‍ക്കുമുതല്‍ പാര്‍ക്ക് സര്‍ക്കസ് വരെ നടന്ന പ്രകടനത്തിന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം ബിമന്‍ ബസു, സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി നിയമസഭാകക്ഷി നേതാവ് സുജന്‍ ചക്രവര്‍ത്തി എന്നിവര്‍ നേതൃത്വംനല്കി. പാര്‍ടി കേന്ദ്ര സംസ്ഥാന കമ്മിറ്റിയംഗങ്ങളുള്‍പ്പെടെ നിരവധി നേതാക്കള്‍ പങ്കെടുത്തു.

മമതയും ബിജെപിയും ചേര്‍ന്ന് നടപ്പാക്കുന്ന ഹാസ്യനാടകം ജനങ്ങളെ പറ്റിക്കാനും കുറ്റവാളികളെ രക്ഷിക്കാനുംവേണ്ടിയാണെന്ന് സൂര്യകാന്ത മിശ്ര പറഞ്ഞു. ചിട്ടി കമ്ബനികളുടെ ആസ്തികള്‍ കണ്ടുകെട്ടി പണം നിക്ഷേപകര്‍ക്ക് നല്‍കുക, പണം നഷ്ടപ്പെട്ടതുമൂലം ആത്മഹത്യ ചെയ്യേണ്ടിവന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 12 മുതല്‍ 18 വരെ ഇടതുമുന്നണി സംസ്ഥാനത്തൊട്ടാകെ ധര്‍ണയും പ്രകടനവും സംഘടിപ്പിക്കും.

