കളിആട്ട പന്തൽ ആഹ്ലാദ തിമിർപ്പിൽ

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആരംഭിച്ച കളിആട്ട പന്തൽ ആഹ്ലാദ തിമിർപ്പിൽ. ഉദ്ഘാട സദസ്സിൽ നാരായണൻ മാഷിന്റെ ആവേശം പകർന്ന വാക്കുകൾ അന്വർത്ഥമാക്കിക്കൊണ്ട് രണ്ടാം ദിവസം കളി ആട്ടപ്പന്തൽ അക്ഷരാർത്ഥത്തിൽ കളി ആട്ട നഗരിയായി മാറി. കാലത്ത് 6-45 നു തന്നെ കളി ആട്ടക്കളത്തിലെത്തിയ അഞ്ഞൂറോളം വരുന്ന കൂട്ടുകാര് അവരുടെ ശരീരത്തിനും മനസ്സിനും പ്രവർത്തന്ന മികവ് പകരാനുതകുന്ന ശാരീരിക മാനസിക വ്യായാമമുറകൾ ഉൾക്കൊള്ളിച്ച് തിയറ്റർ എക്സർസൈസ്, തിയറ്റർ കളികൾ എന്നിവയിലൂടെ സൗഹൃദവും സൗന്ദര്യവും ഊട്ടിയുറപ്പിച്ച് ആട്ടവും പാട്ടും കെട്ടഴിച്ചു നാടക കൂട്ടായ്മയ്ക്ക് കരുത്തിന്റെ അടിത്തറയിട്ടു. ഉച്ചയ്ക്ക് ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് നൽകിയ വിവിധ വിഷയങ്ങൾ കുട്ടികൾ വേദിയിലവതരിപ്പിച്ചു. നാടക പരിശീലനത്തോടൊപ്പം ഉച്ചക്കയ്ക്കു ശേഷം കലാലയം അശോകം ഹാളിൽ നാടകായനം ഉദ്ഘാടനം ചെയ്യപ്പെട്ടു.
പ്രസിദ്ധ നാടകപ്രവർത്തകനും നന്മയുടെ ജില്ലാ പ്രസിഡണ്ടുമായ വിൽസൺ സാമൂവലാണ് ഉദ്ഘാടനം ചെയ്തത്. വിശ്വ പ്രസിദ്ധ നാടകങ്ങളുടെ വീഡിയോ പ്രദർശനമാണ് നാടകായന പരിപാടി. വിശ്വപ്രസിദ്ധനാടകമായ കാട്ടുകടന്നൽ ആണ് നാടകായനത്തിൽ ആദ്യമായി പ്രേക്ഷക സമക്ഷം അവതരിപ്പിച്ചത്. വലിയ സ്വീകാര്യതയാണ് കാട്ടുകടന്നലിന് ലഭിച്ചത്. വൈകീട്ട് 6 മണിക്ക് തൃശൂർ രംഗചേതന അവതരിപ്പിച്ച അപ്പുണ്ണി എന്ന കുട്ടികളുടെ നാടകവും പട്ടക്കാട് കലാലയം ചിൽഡ്രൻസ് തിയറ്റർ അവതരിപ്പിച്ച കിട്ടപുരാണം എന്ന നാടകവും അരങ്ങേറി.

