കളവ് കേസ് പ്രതികളെ തെളിവെടുപ്പിന് പോലീസ് കൊണ്ടുവന്നു

കൊയിലാണ്ടി: തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപം റിട്ട. കേണൽ മോഹനന്റെയും, റിട്ട. എസ്.ഐ. വടക്കയിൽ കരുണന്റെയും വീടുകളിൽ കവർച്ച നടത്തിയ രണ്ട് പ്രതികളെ പോലീസ് തെളിവെടുപ്പിന് കൊണ്ടുവന്നു. ഇവരിൽ നിന്ന് മോഷ്ടിച്ച 17- പവൻ സ്വർണാഭാരണങ്ങൾ കണ്ടെടുത്തു.
കർണാടക സ്വദേശികളായ അനിൽകുമാർ (28), അബ്ദുൾ റഹീം (42) എന്നിവരാണ് പിടിയിലായത്. ജനുവരി 19-നായിരുന്നു അടച്ചിട്ട വീടുകളിൽ കവർച്ച. മംഗളൂരുവിൽ വെച്ച് തന്ത്രപൂർവ്വമാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മാഹിയിൽ നിന്നും മദ്യം കഴിച്ച ശേഷമാണ് ഇവർ മോഷണത്തിനായി പോകുന്നതെന്ന് പോലീസ് പറഞ്ഞു. കൊയിലാണ്ടി സി.ഐ. കെ.എം. ബിജു, എസ്.ഐ. സജു അബ്രഹാം, എ.എസ്.ഐ. മുനീർ, കെ.പി. ഗിരീഷ്, റിജുകുമാർ, ടി.പി. ബൈജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
