കളക്ടര്‍ ഇടപെട്ടു ചികിത്സ ഉറപ്പാക്കിയ എച്ച്. ഐ.വി രോഗി വീണ്ടും തെരുവില്‍

തലശ്ശേരി: കണ്ണൂര്‍ കളക്ടര്‍ ഇടപെട്ടു ചികിത്സ ഉറപ്പാക്കിയ എച്ച്. ഐ.വി രോഗി വീണ്ടും തലശേരിയില്‍ തെരുവില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും എച്ച്.ഐ.വിക്കുള്ള ചികിത്സ ഇയാള്‍ക്ക് ലഭിച്ചിരുന്നില്ല. കൂട്ടിരിപ്പുകാരും തിരിച്ചറിയല്‍ രേഖകളും ഇല്ലാത്തതിനാല്‍ മറ്റൊരിടത്തേക്ക് മാറ്റിയ ഇയാള്‍ക്ക് മതിയായ ഭക്ഷണവും ചികിത്സയും ലഭിക്കാതായതോടെയാണ് വീണ്ടും തെരുവില്‍ എത്തിയത്.
തലശ്ശേരിയില്‍ തെരുവില്‍ അലഞ്ഞ കൊല്ലം സ്വദേശിയായ ഇയാളെ കണ്ണൂര്‍ കളക്ടര്‍ ഇടപെട്ടാണ് ജൂലൈയില്‍ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. 15 ദിവസത്തിന് ശേഷം മെഡിക്കല്‍ കോളേജില്‍ നിന്ന് ക്ഷയ രോഗികള്‍ക്കായുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റി. പക്ഷെ കൂടെ ആളും രേഖകളും ഇല്ലാത്തതിനാല്‍ ഇവിടെ നിന്ന് ചികിത്സ കൃത്യമായി കിട്ടിയിരുന്നില്ലെന്നു ഇയാള്‍ പറയുന്നു.

ഡോക്ടറും ഉണ്ടായിരുന്നില്ല. എച്.ഐ.വിയും, കൂടെ ക്ഷയാരോഗവും ഉള്ള ഇയാള്‍ക്ക് നല്ല ഭക്ഷണം നിര്‍ബന്ധമാണ്… ഭക്ഷണം പോലും കിട്ടാതായതോടെ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നു ഇയാള്‍ പറയുന്നു. കൂട്ടിരിപ്പുകാരും തിരിച്ചറിയല്‍ രേഖകളും ഇല്ലാത്തത് കാരണം വീട്ടില്‍ നിന്ന് വരെ പുറത്താക്കപ്പെട്ട ഇയാള്‍ പ്രതിസന്ധിയിലാവുകയാണ്.

എച്ച്.ഐ.വി യുടെ ചികിത്സക്ക് കൂടെ ആളുകള്‍ അത്യാവശ്യമാണ്. എച്ച്.ഐ.വി ചികിത്സ പുനഃരാരംഭിക്കാത്തതിനാല്‍ ഇയാളെ ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് നേരത്തെ സന്നദ്ധത അറിയിച്ചിരുന്ന മറ്റു സ്ഥാപനങ്ങളും. ഏതായാലും തെരുവില്‍ കൂടുതല്‍ അവശനായി തുടരുകയാണ് ഇയാള്‍.

