കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശം ; ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി

കൊച്ചി: ബംഗളൂരു റൂട്ടില്‍ യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത കമീഷണറുടെ നിര്‍ദ്ദേശം. സംഭവത്തില്‍ ഗതാഗത മന്ത്രി റിപ്പോര്‍ട്ട് തേടി. നേരത്തെ ബസ് പിടിച്ചെടുക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു. കമ്ബനി മാനേജര്‍ ഉള്‍പ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മര്‍ദിച്ചവരെ തിരിച്ചറിയാനായി ബസില്‍ രാത്രി ജോലിയില്‍ ഉണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു. അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സുരേഷ് കല്ലട ബസ് കമ്ബനിയിലെ മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ബസില്‍ കൊച്ചി വൈറ്റില എത്തിയപ്പോള്‍ ബസ് ജീവനക്കാര്‍ സംഘംചേര്‍ന്ന് അടിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരിക്കേറ്റ യുവാക്കളെ ബസില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു.

