കല്യാണ്‍കേന്ദ്ര ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റെ്

കോഴിക്കോട്: മാനാഞ്ചിറ ഫ്ളഡ്ലിറ്റ് കോര്‍ട്ടില്‍ നടന്ന മൂന്നാമത് കല്യാണ്‍കേന്ദ്ര ഓള് കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം സെയ്ന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും ജേതാക്കളായി.
ഫൈനലില്‍ 54-53 എന്ന സ്കോറിനാണ് തിരുവനന്തപുരം സെയ്ന്റ് ജോസഫ്സ്, കോഴിക്കോട് സില്‍വര്‍ഹില്‍സ് എച്ച്.എസ്.എസിനെ അടിയറവു പറയിച്ചത്. പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലില്‍ 64-57 എന്ന സ്കോറിനാണ് കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസ്., ആലപ്പുഴ സെയ്ന്റ് ജോസഫ്സ് എച്ച്.എസ്.എസിനെ പരാജയപ്പെടുത്തിയത്. തിരുവനന്തപുരം സെയ്ന്റ് ജോസഫ്സിന്റെ ശരത്ത്, കൊരട്ടി ലിറ്റില്‍ ഫ്ളവറിന്റെ ഫെസ്റ്റി പി. ജോസ് എന്നിവര്‍ മികച്ച കളിക്കാരായി തിരഞ്ഞെടുക്കപ്പെട്ടു.

ബാസ്കറ്റ്ബോള്‍ ലവേഴ്സ് അസോസിയേഷന് കോഴിക്കോടും ബാസ്കറ്റ്ബോള്‍ നെറ്റ്വര്ക് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച ടൂര്‍ണമെന്റിന്റെ സമ്മാനദാനം ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി നിര്‍വഹിച്ചു. കെ.വി. ജയന്ത് അധ്യക്ഷത വഹിച്ചു. കല്യാണ്‍കേന്ദ്ര മാനേജിങ് ഡയറക്ടര്‍ അര്‍ഷാദ് അബ്ദുള്ള, ജോണ്സണ് ജോസഫ്, എം. ഹാരിഷ്, സി. ശശിധരന്, കെ. ബാബു എന്നിവര്‍ സംസാരിച്ചു.

