കരവിരുതില്‍ സ്നേഹപ്പൂക്കളൊരുക്കി നാഗാലാന്‍ഡ്-മണിപ്പൂര്‍ കുടുംബം
പയ്യോളി : കരവിരുതില്‍ സ്നേഹപ്പൂക്കളൊരുക്കി നാഗാലാന്‍ഡ്-മണിപ്പൂര്‍ കുടുംബം ഇരിങ്ങല്‍ സര്‍ഗാലയയില്‍ വിസ്മയം വിരിയിക്കുന്നു. സോളാ ഊട്ട് എന്ന വര്‍ണഭംഗിയുള്ള ഈ പൂക്കള്‍ ആരെയും ആകര്‍ഷിക്കും.
നാഗാലാന്‍ഡ് സ്വദേശിയായ ചന്ദ്രദേവ് (ചന്ദ്രു), മണിപ്പൂരികാരി സെറയും ചേര്‍ന്നാണ് സര്‍ഗാലയയുടെ മുറ്റത്ത് മനോഹര കാഴ്ചകള്‍ സന്ദര്‍ശകര്‍ക്കായി വിരല്‍ത്തുമ്പിലൂടെ വിരിയിച്ചെടുക്കുന്നത്. സോളാ ഊട്ടിനൊപ്പം, പാംഫൈന്, പാംലീഫ് എന്നിവയുമുണ്ട്. പൈന്‍, റബര്കോയ, ചോളം എന്നിവകൊണ്ടാണ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. വയല്റോസ്, ആലില, വാംബൂബേസ് എന്നിവ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്.
വീടുകളിലെ സ്വീകരണമുറികളില്‍ ഷോക്കേസുകളിലും ടേബിളുകളിലും കൌതുകക്കാഴ്ചക്ക്വേണ്ടിയാണ് ‘സോളാ ഊട്ട്’ തേടി ആളുകള്‍ സര്‍ഗാലയയിലെത്തുന്നത്. പത്ത് മുതല്‍ 80 രൂപ വരെയാണ് വില. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ഗാലയയില്‍ എത്തിയ നാഗാലാന്‍ഡ്-മണിപ്പൂര്‍ കുടുംബത്തിന് ഈ ടൂറിസ്റ്റ്കേന്ദ്രം വിട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. അന്തര്‍സംസ്ഥാന കരകൌശലമേള തുടങ്ങുന്നതിന് മുമ്പുതന്നെ ഇവരുടെ മക്കളും മറ്റു കുടുംബങ്ങളും സര്‍ഗാലയയില്‍ എത്തി. ഉല്‍പ്പന്നങ്ങളുടെ നിര്‍മാണജോലി ആരംഭിച്ചു. തത്സമയനിര്‍മാണം കാണാനും നിരവധി പേരെത്തുന്നുണ്ട്. ഒരു ദിവസം 20 വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കും. എല്ലാം മണിപ്പൂര്‍ സ്റ്റൈല്‍ എന്ന് ഈ ദമ്പതികള്‍ പറയുന്നു.

