കരമനയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാല്‍ നനയ്ക്കാന്‍ ഇറങ്ങിയ അഞ്ജലിയുടെ ജീവനെടുത്തത് അനധികൃത മണലൂറ്റുണ്ടാക്കിയ അഗാധ ഗര്‍ത്തം

തിരുവനന്തപുരം: കരമനയാറ്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കാല്‍ നനയ്ക്കാന്‍ ഇറങ്ങിയതായിരുന്നു അഞ്ജലി എസ് ലക്ഷമി. പഠനത്തില്‍ അസാധ്യമായ മിടുക്കുള്ളവള്‍. കായികരംഗത്തും അവള്‍ മിന്നും താരമായിരുന്നു. അച്ഛന്റേയും അമ്മയുടേയും ഏക മകള്‍.
അവള്‍ ഇനി ഒപ്പമില്ലെന്ന സത്യം അംഗീകരിക്കാന്‍ കഴിയാതെ വിങ്ങി പൊട്ടുകയാണ് അച്ഛന്‍ സന്തോഷും അദ്ധ്യാപികയായ അമ്മ അനിതയും.സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലനം കഴിഞ്ഞ് കാര്‍മല്‍ സ്‌കൂളിലെ സഹപാഠികള്‍ തമലത്തെ സുലീനയുടെ വീട്ടിലേക്ക് എത്തുകയായിരുന്നു അഞ്ജലിയും ആര്യയും.അവിടെ നിന്നും ആറ് കാണാന്‍ പോണമെന്ന് സുഹൃത്തുക്കള്‍ തീരുമാനിക്കുമ്ബോള്‍ ഇങ്ങനെയൊരു ദുരന്തം അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

മകള്‍ അപകടത്തില്‍പെട്ടു. ഉച്ചയ്ക്ക് ഒന്നരയോടെ ബാര്‍ട്ടന്‍ഹില്‍ കോളജിലേക്കു വിവരമെത്തുമ്ബോള്‍ എന്തോ ചെറിയ അപകടമെന്നാണ് ടീച്ചറുള്‍പ്പടെ എല്ലാവരും ആദ്യം കരുതിയത്. എല്ലാമെല്ലാമായ ഏകമകള്‍ നഷ്ടമായെന്ന വാര്‍ത്ത കൂടി എത്തിയതോടെ അതു താങ്ങാനാകാതെ ടീച്ചര്‍ ബോധരഹിതയാവുകയായിരുന്നു. പിന്നെ, വീട്ടിലെ കിടപ്പുമുറിയില്‍ അലമുറയിട്ടു കരഞ്ഞ ടീച്ചറെ ആശ്വസിപ്പിക്കാന്‍ കണ്ട് നിന്നവര്‍ വല്ലാതെ ബുദ്ധിമുട്ടി. പരിശീലനം കഴിഞ്ഞു മടങ്ങിയെത്തുന്ന മകള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം എന്നും കരുതിവയ്ക്കുന്നത് അമ്മയുടെ പ്രധാന ജോലിയായിരുന്നു.

ബാസ്‌കറ്റ് ബോളും നീന്തല്‍ പരിശീലനവുമെല്ലാം മകളുടെ ആഗ്രഹ പ്രകാരം തന്നെ തുടങ്ങിയതാണ്. പഠിക്കാന്‍ മിടുക്കിയായ അവള്‍ എല്ലാ കാര്യത്തിലും സജീവമായിരുന്നു. ഒരു ദിവസം ഒരാളുടെ വീട് എന്ന നിലയിലാണ് അവധിക്കാലത്ത് സുഹൃത്തുക്കളായ മൂന്ന് പെണ്‍കുട്ടികളും ഒത്ത് ചേര്‍ന്നിരുന്നതായിരുന്നു ഇവരുടെ പതിവ്. അങ്ങനെയാണു സുലീനയുടെ തമലത്തെ വീട്ടിലേക്ക് ഇന്നലെ പോയത്.

ഞെട്ടല്‍ മാറാതെ സുഹൃത്തുക്കള്‍
കാര്‍മല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ഇന്നലെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും.അടുത്ത സുഹൃത്തക്കളുടെ സ്നേഹവും സൗഹൃദവും വീട്ടുകാരെ പോലും അമ്ബരപ്പിച്ചിരുന്നു. വീട്ടുകാര്‍ക്കും ഇവരുടെ സൗഹൃദം വലിയ അത്ഭുതവും സന്തോഷവുമായിരുന്നു.എന്നാല്‍ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം പെണ്‍കുട്ടികളെ മാനസികമായി വല്ലാതെ തകര്‍ത്തിരിക്കുകയാണ്.കണ്‍മുന്നില്‍ കണ്ട ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും അവര്‍ മുക്തമായിട്ടുമില്ല.
ആരോ കാല്‍ വലിച്ചു താഴെക്കു കൊണ്ടുപോയത് പോലെ ആണ് തോന്നിയത് തെറ്റിക്കടവു കയത്തില്‍ മരണത്തെ മുഖാമുഖം കണ്ട ആര്യയും സുലീനയും ഇന്നലെ രാത്രിവരെ ഇതു തന്നെ ആവര്‍ത്തിച്ചു. വിട്ടുമാറാത്ത നടുക്കത്തോടെ ആര്യ സംഭവത്തെക്കുറിച്ചു ബന്ധുവിനോടു രാത്രിയും പറഞ്ഞത്. വെറുതെ ഒന്ന് ഇറങ്ങിയതാണ്. പടിക്കെട്ടില്‍ നിന്ന് ഒരു ചുവടു വച്ചപ്പോള്‍ തന്നെ മുന്നോട്ടു വലിഞ്ഞു തെന്നുന്നത് പോലെ തോന്നി. തെന്നി വീഴാതിരിക്കാന്‍ ഓരോ ചുവടുകൂടി കടന്നു. പെട്ടന്നാണു കയത്തിലേക്കു താഴ്ന്നത്. ആരോ കാലില്‍ വലിച്ചു താഴേക്കിടുന്നതു പോലെ.
ചെളിയില്‍ കാല്‍ പുതഞ്ഞു തലവരെ വെള്ളത്തിനടിയിലായി. ശ്വാസം മുട്ടി പിടഞ്ഞതും ഒന്നു മുകളിലേക്കു പൊങ്ങി. പിന്നെ, തലമുടിയില്‍ പിടിച്ച് ആരോ വലിച്ചുകയറ്റി. അഞ്ജലിക്കൊപ്പം ഒഴുക്കില്‍പെട്ട സുലീന, ആര്യ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.ആറു കാണണമെന്നു കൂട്ടുകാര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, സുലീന അമ്മയുടെ അനുവാദം വാങ്ങി. പിന്നെ, നാല്‍വര്‍സംഘം കടവിലേക്കു പോയി.
പടിക്കെട്ടില്‍ അല്‍പനേരം ഇരുന്നു. സാമ ഒഴികെ മറ്റു മൂവരും കാല്‍ നനയ്ക്കാന്‍ ഇറങ്ങി. നിമിഷനേരം കൊണ്ടുതന്നെ മൂവരും കയത്തില്‍ അകപ്പെട്ടു. കരയിലിരുന്ന സാമ വാവിട്ടു നിലവിളിച്ചു. അപ്പോഴേക്കും സമീപത്തെ വീട്ടില്‍നിന്നു ശ്രീകുമാറും മകള്‍ ശാലിനിയും ഓടിയെത്തി. വെള്ളത്തില്‍ മുകളില്‍ കണ്ട തലമുടിയില്‍ പിടിച്ചാണ് ഇവര്‍ കുട്ടികളെ കരയ്ക്കെത്തിച്ചത്. പക്ഷേ, നീന്തല്‍ അറിയാവുന്ന അഞ്ജലിയെ മാത്രം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല
ബാസ്‌കറ്റ്ബോള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്ന ഷോട്സും ജേഴ്സിയുമായിരുന്നു കുട്ടികളുടെ വേഷം. ഇതുകണ്ട് വിദ്യാര്‍ത്ഥികള്‍ കുളിക്കാനായി വന്നതാണെന്നും പ്രചാരണമുണ്ടായി. കാര്‍മല്‍ സ്‌കൂളിലെ ബാസ്‌കറ്റ് ബോള്‍ ടീം അംഗങ്ങളായ ഇവര്‍ക്കു രാവിലെയും വൈകിട്ടുമാണു പരിശീലനം. കടവ് സന്ദര്‍ശിച്ച ശേഷം വീണ്ടും പരിശീലനത്തിനായി പോകാനിരിക്കെയായിരുന്നു അപകടം. ഉറ്റ സുഹൃത്തുക്കളായ ഇവര്‍ അവധിക്കാലമായതിനാല്‍ ഓരോ ദിവസവും ഒരാളുടെ വീട്ടിലാണ് ഒത്തുചേരുക. മിനിയാന്ന് അഞ്ജലിയുടെ വീട്ടിലായിരുന്നു ഒത്തുചേരല്‍.
അപകട കാരണം മണലൂറ്റലിനെ തുടര്‍ന്നുള്ള കയങ്ങള്‍
അനധികൃതമായ മണലൂറ്റ് സ്ഥിരമായി നടക്കുന്ന സ്ഥലമാണ് ഇവിടം. വശീകരിച്ച് ചതിക്കുന്ന കടവ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.ഇതിപ്പോ ഇവിടെ മരണം സ്ഥിരമാണെന്നും നാട്ടുകാര്‍ പറയുന്നു.മണലൂറ്റിനെ തുടര്‍ന്നു രൂപപ്പെട്ട അഗാധ ഗര്‍ത്തങ്ങളാണു കടവിനു ചുറ്റും. പടിക്കെട്ട് കടന്ന് ആദ്യ ചുവടുവച്ചാല്‍ തന്നെ നാലു മീറ്ററോളം താഴേക്കാണു വീഴുക. കയം ഉള്ളതിനാല്‍ നാട്ടുകാര്‍ പോലും ഇവിടെ ഇറങ്ങില്ലെന്നു കൗണ്‍സിലര്‍ കരമന അജിത് തന്നെ പറയുന്നു.
കുട്ടികള്‍ കടവിലേക്കു പോകവെ അവിടെ ഇറങ്ങരുതെന്നു സ്ഥലവാസി മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍, ഇവര്‍ അതു കാര്യമായി എടുത്തില്ല. നാട്ടുകാരിയായ സുലീനയ്ക്കും കയത്തെക്കുറിച്ച് അറിയില്ലായിരുന്നു. കയത്തില്‍ അകപ്പെട്ടുപോയാല്‍ രക്ഷപ്പെടുക പ്രയാസമാണ്. നീന്തല്‍ പരീശനത്തിനു പോകുന്നതിനാല്‍ അഞ്ജിലിക്കു മാത്രമേ അല്‍പം നീന്തല്‍ അറിയൂ.
നീന്തല്‍ ഒട്ടുമറിയാത്ത രണ്ടു കുട്ടികള്‍ രക്ഷപ്പെട്ടത് അദ്ഭുതമെന്നാണു നാട്ടുകാര്‍ പറയുന്നത്. സമീപവാസികള്‍ ഉടനടി രക്ഷാപ്രവര്‍ത്തനം നടത്തിയതുകൊണ്ടു മാത്രമാണു ഇവരുടെ ജീവന്‍ തിരിച്ചു കിട്ടിയത്.
