കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ തൂങ്ങിച്ചാവുമെന്ന് പറഞ്ഞതൊക്കെ പഴങ്കഥ; കേരളം കണ്ട കരുത്തനായ മുഖ്യമന്ത്രി പിണറായി; ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍
ആലപ്പുഴ: പരമ്പരാഗത ശത്രുക്കളാണ് മലയാള മനോരമയും സിപിഎമ്മും. പാര്‍ട്ടിക്ക് ഇട്ട് കൊട്ടാനുള്ള അവസരം മനോരമയും, തിരിച്ചടിക്കാനുള്ള അവസരം സിപിഎമ്മും പാഴാക്കാറില്ല.കേരളത്തില്‍ കമ്യൂണിസ്റ്റ് ഭരണം വന്നാല്‍ താന്‍ തൂങ്ങി മരിക്കുമെന്ന് മനോരമ സ്ഥാപക പത്രാധിപരായ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള പറഞ്ഞുവെന്നതും, എന്നെക്കുറിച്ച് എപ്പോഴെങ്കിലും മനോരമ നല്ലതു പറഞ്ഞാല്‍ അപ്പോള്‍ എനിക്കെന്തോ തെറ്റുപറ്റിയെന്ന് സഖാക്കള്‍ മനസ്സിലാക്കണമെന്ന് ഇഎംഎസ് പറഞ്ഞുവെന്നതും സിപിഎം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുന്നതാണ്.
എന്നാല്‍ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ആലപ്പുഴ എഡിഷന് ഉദ്ഘാടനത്തോടനുബന്ധിച്ച് മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, പിണറായിയെയും സംസ്ഥാന സര്‍ക്കാറിനെയും പുകഴ്ത്തിയതാണ് സൈബര്‍ സഖാക്കള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഇത് ഭരണമാറ്റം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിനും തിരിച്ചടിയാണ്. ഈ ഭരണം തുടര്‍ന്നാല്‍ കേരളം പറുദീസയാകുമെന്ന് മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, ദേശാഭിമാനി ആലപ്പുഴ എഡിഷന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കവേ വ്യക്തമാക്കി.

കേരളം കണ്ട കരുത്തരായ മുഖ്യമന്ത്രിമാരിലൊരാളാണ് പിണറായി വിജയന്. വികസന വഴികളില്‍ വരുന്ന പ്രതിബന്ധങ്ങളെ തട്ടിത്തെറിപ്പിച്ച് മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി കാണിക്കുന്ന ഇച്ഛാശക്തി അപാരമാണ്. കേരളം ഇതുപോലെ മുന്നോട്ടുപോയാല്‍ ഒരു പറുദീസയാകുമെന്നുറപ്പ്. തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെയുള്ള ജലപാത യാഥാര്‍ഥ്യമായാല്‍ കേരളം രണ്ടുവര്‍ഷം കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രമായി വളരുമെന്നതില്‍ സംശയമില്ല. അത് നടപ്പാക്കാന്‍ മുന്‍കൈയെടുത്ത മുഖ്യമന്ത്രിക്കും ടീമിനും എല്ലാ ആശംസകളും നേരുന്നു.

ആലപ്പുഴയുടെ വികസനരംഗത്ത് കാര്യമായ സംഭാവന നല്കാന് ദേശാഭിമാനിക്കു കഴിയുമെന്നാണ് പ്രതീക്ഷ. വിപ്ലവത്തിന്റെ മണ്ണായ ആലപ്പുഴയില്‍ ദേശാഭിമാനിക്ക് എഡിഷന് വരാന്‍ വൈകിയില്ലേയെന്നൊരു സംശയമുണ്ട്. എങ്കിലും ദേശാഭിമാനി ആലപ്പുഴയില്‍ എഡിഷന് ആരംഭിക്കുന്നതില്‍ മനോരമയ്ക്ക് സന്തോഷമുണ്ട്. മത്സരം ശക്തമാകുമ്പോഴാണ് മികവ് കൂടുന്നത് എന്നതാണ് ആ സന്തോഷത്തിനു കാരണമെന്നും ഫിലിപ്പ് മാത്യു പറഞ്ഞു.

എന്നാല്‍ ഫിലിപ്പ് മാത്യുവിൻറേത് മര്യാദയുടെ മാത്രമായ കേവലം ആശംസ മാത്രമാണെന്നും അതിനെയും സിപിഎം രാഷ്ട്രീയവത്ക്കരിക്കയാണെന്ന് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ മറുപടി നല്‍കുന്നുണ്ട്. എന്നെക്കുറിച്ച് എപ്പോഴെങ്കിലും മനോരമ നല്ലതു പറഞ്ഞാല്‍ അപ്പോള്‍ എനിക്കെന്തോ തെറ്റുപറ്റിയെന്ന് സഖാക്കള്‍ മനസ്സിലാക്കണമെന്ന് ഇഎംഎസ് പറഞ്ഞതും സിപിഎമ്മിനു മറുപടിയായി എതിര്‍പക്ഷം പ്രചരിപ്പിക്കുന്നുണ്ട്.



