കന്മന ശ്രീധരൻ മാസ്റ്റർക്ക് കീർത്തി മുദ്ര പുരസ്ക്കാരം

കൊയിലാണ്ടി> മികച്ച കലാ പ്രവർത്തകനും അദ്ധ്യാപകനുമായിരുന്ന ടി.പി ദാമോദരൻനായരുടെ പേരിൽ പൂക്കാട് കലാലയം ഏർപ്പെടുത്തിയ കീർത്തി മുദ്ര പുരസ്ക്കാരം പ്രശസ്ത പ്രഭാഷകനും രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തകനുമായ കന്മന ശ്രീധരൻ മാസ്റ്റർ അർഹനായി. അധ്യാപകൻ, സംഘാടകൻ, സാംസ്ക്കാരിക സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിലുളള മികച്ച പ്രവർത്തനത്തിനാണ് അവാർഡിന് അർഹനായത്. സി.പി.ഐ.എം കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗമായ അദ്ദേഹം ലൈബ്രറി കൗൺസിൽ മുൻ സംസ്ഥാന കമ്മറ്റി അംഗം, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് അംഗം, പഞ്ചായത്ത് പ്രസിഡണ്ട് എന്നീ മേഖലകളിലും മികച്ച പ്രവർത്തനത്തിന് നേതൃത്വം കൊടുത്തു. അവാർഡ് ദാനം മലബാർ സുകുമാർ ഭാഗവതരുടെയും, ടി.പി ദാമോദരൻ നായരുടേയും ജയന്തി ആഘോഷത്തിന്റെ ഭാഗമായി 23ന് പൂക്കാട് കലാലയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നിർവ്വഹിക്കും.
