കനത്ത മഴ :കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടല്‍

കോഴിക്കോട്> കനത്ത മഴയില്‍ കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി. കോഴിക്കോടിന്റെ കിഴക്കന്‍ മേഖലകളില്‍ മലവെള്ളപ്പാച്ചിലും തുടരുന്നു. താമരശേരിയിലും കക്കയത്തുമായി നാലിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. താമരശേരി സണ്ണിപ്പടി, കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല, ചമല്‍ ഭാഗങ്ങളിലായിരുന്നു ഉരുള്‍പൊട്ടല്‍. പുല്ലൂരാംപാറയില്‍ മലവെള്ളപ്പാച്ചിലുണ്ടായെങ്കിലും ആളപായമില്ല. ദേശീയ ദുരന്ത നിവാരണ സേന ഇന്ന് കോഴിക്കോട് എത്തും.
മലപ്പുറം എടവണ്ണ കിഴക്കേചാത്തല്ലൂരിലും ഉരുള്‍പൊട്ടി. ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു. ചാത്തല്ലൂരില്‍ 6 വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു. മഴ ശക്തമായാല്‍ അപകട സാധ്യതയെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വൈത്തിരി തളിപ്പുഴയില്‍ മണ്ണിടിഞ്ഞു വീണ് വീടു തകര്‍ന്നു രണ്ടുപേര്‍ക്ക് പരുക്കേറ്റു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. ചാലക്കുടിപ്പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ പാല്‍ച്ചുരം വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിന്റെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു വീണു. കൊട്ടിയൂര്‍ ബോയ്സ് ടൗണ്‍ മാനന്തവാടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മക്കൂട്ടം കര്‍ണ്ണാടക പാതയില്‍ ഗതാഗതം തടസപ്പെട്ടതിനാല്‍ കൊട്ടിയൂര്‍ വഴിയാണ് വാഹനങ്ങള്‍ കര്‍ണ്ണാടകത്തിലേക്ക് പോയിരുന്നത്.

