KOYILANDY DIARY.COM

The Perfect News Portal

കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്കുകളുമായി സഹകരിച്ച് ജില്ലയില്‍ 40 അരിക്കടകള്‍ തുടങ്ങും

കോഴിക്കോട്: അരിവില പിടിച്ചു നിര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്കുകളുമായി സഹകരിച്ച് 40 അരിക്കടകള്‍ തുടങ്ങും. രണ്ട് രൂപ നഷ്ടം സഹിച്ച് ഈ കടകള്‍ വഴി 25 രൂപക്ക് അരി വിതരണംചെയ്യും. പൊതുവിപണിയിലെ അരിവില നിയന്ത്രിക്കുന്നതിനായി സപ്ളൈകോ സൂപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ച് തുടങ്ങിയ അരിക്കടകള്‍ക്ക് പുറമെയാണ് കണ്‍സ്യുമര്‍ ഫെഡിന്റെ സഹകരണ അരിക്കട.

തെരഞ്ഞെടുത്ത സഹകരണ സംഘങ്ങള്‍ വഴിയും ത്രിവേണി സ്റ്റോറുകള്‍ വഴിയുമാണ് കണ്‍സ്യൂമര്‍ ഫെഡ് അരി നല്‍കുന്നത്. ആഴ്ചയില്‍ അഞ്ച് കിലോഗ്രാം അരിയാണ് 25 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് നല്‍കുക. 26.30 രൂപ നിരക്കിലാണ് കണ്‍സ്യൂമര്‍ ഫെഡ് സഹകരണ ബാങ്കുകള്‍ക്ക് അരി നല്‍കുക. അരി കടകളില്‍ എത്തിക്കുന്നതിനുള്ള ചെലവും കൂടി ഉള്‍പ്പെടുത്തിയാണ് 27 രൂപ കണക്കാക്കുന്നത്. സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി ഇതും ബാങ്കാണ് വഹിക്കുന്നത്. സഹകരണ അരിക്കടകള്‍ വഴി വിതണത്തിനുള്ള അരി ജില്ലകളില്‍ എത്തിച്ചുകഴിഞ്ഞു. അരിക്കടകളുടെ ജില്ലാ ഉദ്ഘാടനം ഒമ്പതിന് ഉള്ള്യേരിയില്‍ നടക്കും.

ജില്ലയില്‍ സപ്ളൈകോയുടെ ആദ്യ അരിക്കടക്ക് പന്തീരാങ്കാവില്‍ നേരത്തെ തുടക്കമായിരുന്നു. 14 ഇനം അരിയാണ് അരിക്കടയിലൂടെ വില്‍ക്കുന്നത്. സബ്സിഡി നിരക്കില്‍ നാല് ഇനം അരി ലഭിക്കും. കുറവയ്ക്ക് 25 ഉം മട്ടക്ക് 24 ഉം പുഴുക്കലരി 25 ഉം പച്ചരിക്ക് 23 ഉം രൂപയാണ്. ഒരുകാര്‍ഡില്‍ പത്ത് കിലോ അരി ലഭിക്കും.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *