കണ്ണൂര്‍ കുപ്പം പുഴയും ജലടൂറിസം ഭൂപടത്തിലേക്ക്

തളിപ്പറമ്പ്: കുപ്പം പുഴയും ജലടൂറിസം ഭൂപടത്തിലേക്ക്. സംസ്ഥാന ടൂറിസം വകുപ്പ് കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പുഴകളും കായലുകളും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായിട്ടാണ് ആരും കാണാത്ത കുപ്പം പുഴയുടെ മനോഹര കാഴ്ച്ചകള്‍ വിനോദസഞ്ചാരികള്‍ക്ക് കാണുന്നതിന് കൊക്ക കോസ്റ്റ-കേരതീരം എന്നപേരില്‍ ഹൗസ് ബോട്ട് സര്‍വീസ് ആരംഭിച്ചത്.
കുപ്പം മുതല്‍ പഴയങ്ങാടി വരെ 16 കിലോമീറ്റര്‍ നീളുന്ന ജലയാത്രയില്‍ കുപ്പം പുഴയിലെ ചെറിയ തുരുത്തുകളും കണ്ടല്‍ കാടുകളും കോട്ടക്കീലിലെ നാടന്‍ മല്‍സ്യബന്ധനവും കാണാനാവും. പിടിച്ച ഉടനെ ലഭിക്കുന്ന പുഴമല്‍സ്യം വാങ്ങുന്നതിനും സൗകര്യമുണ്ട്. കുപ്പം പാലത്തിന് സമീപം ബോട്ട് യാര്‍ഡും ബോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുപ്പത്തുനിന്നും കൂവേരിവരെയുള്ള ഭാഗത്തേക്ക് ചെറിയ ഹൗസ്‌ബോട്ടായ ശിക്കാരയുടെ സര്‍വീസും ഉടന്‍ ആരംഭിക്കും. തളിപ്പറമ്ബിലെ ജലടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊക്ക കോസ്റ്റ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പ് സ്വപ്‌ന പദ്ധതിയായി നടപ്പിലാക്കുന്ന മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയില്‍ ഉള്‍നാടന്‍ ജലടൂറിസത്തിനാണ് പ്രാധാന്യം നല്‍കുന്നത്.

പദ്ധതി ആരംഭിക്കുന്ന പ്രദേശത്തെ എല്ലാവര്‍ക്കും വരുമാനം ലഭ്യമാകുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തതാണ് മലബാര്‍ റിവര്‍ ക്രൂയിസ്. കുപ്പം പുഴയിലെ ജലസവാരിക്ക് ഇതിനകം തന്നെ നല്ല പ്രതികരണം ലഭിച്ചുകഴിഞ്ഞതായി സംഘാടകരായ പി.കെ.ലതീഷ്, ഇ.പി.വി.അജയകുമാര്‍, ഒ.വിആഷാദ്, കെ.രാമകൃഷ്ണന്‍, കോരഞ്ചിറത്ത് രമേശന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : +91–9207882288, 9207883388

