കണ്ണൂരിൽ ലോറി ജീവനക്കാര്‍ക്ക് നേരെ അക്രമം: മൂന്നുപേര്‍ക്ക് വെട്ടേറ്റു

കണ്ണൂര്‍: വളപട്ടണം പഴയ ടോള്‍ബൂത്തിനടുത്ത് ലോറി ജീവനക്കാര്‍ക്ക് നേരെ അക്രമം. മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയി. മറ്റ് രണ്ടുപേര്‍ എ കെ ജി ആശുപത്രിയിലാണുള്ളത്.
തൃശൂർ മുട്ടിക്കോട് സ്വദേശിയും ലോറി ഡ്രൈവറുമായ ജിംനേഷ് (29), എറണാകുളം പെരുന്പാന്പൂർ സ്വദേശിയും ക്ലീനറുമായ തോമസ് (35) എന്നിവർക്കാണ് വെട്ടേറ്റത്. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഇരുവരും പോലീസിന് നൽകിയിരിക്കുന്ന മൊഴി. വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.

ഭക്ഷണം കഴിച്ചു മടങ്ങവേ ഒരു സംഘവുമായി വാക്കേറ്റമുണ്ടായിരുന്നു. തിരികെ ലോറിക്ക് സമീപം എത്തിയപ്പോൾ മൂന്നംഗസംഘം ഇവരെ ആക്രമിക്കുകായിരുന്നു.

തലയ്ക്കും കൈകൾക്കും കാലുകൾക്കുമാണ് ഇരുവർക്കും വെട്ടേറ്റത്. ദേഹമാസകലം ചോരയിൽ കുതിർന്ന ഇവരെ നാട്ടുകാർ ആദ്യം കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഹോട്ടല്‍ ഉടമകളെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. അക്രമത്തിന് കാരണമെന്തെന്ന് അറിവായിട്ടില്ല. സ്ഥലത്തെ സി സി ടി വി ക്യാമറ പോലീസ് പരിശോധിച്ചുവരികയാണ്. അക്രമം നടന്ന സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നു. അക്രമത്തിന് പിന്നില്‍ ഗുണ്ടാസംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
