KOYILANDY DIARY

The Perfect News Portal

കണ്ണൂരിൽ ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ്‌ പ്രതിനിധികളുടെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടക്കുന്ന ചരിത്രകോണ്‍ഗ്രസിന്റെ ഉദ്‌ഘാടന വേദിയില്‍ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ നേരെ പ്രതിഷേധം. ഭരണഘടനയ്‌ക്കനുസരിച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിക്കാനില്ലെന്നും പറഞ്ഞ്‌ പ്രസംഗം തുടങ്ങിയെങ്കിലും ഗവര്‍ണര്‍ രാഷ്‌ട്രീയ വിഷയങ്ങളില്‍ പ്രതികരിച്ചതോടെ ചരിത്രകോണ്‍ഗ്രസ്‌ പ്രതിനിധികള്‍ പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു.

ജാമിയ മിലിയയില്‍ നിന്നെത്തിയ പ്രതിനിധികളടക്കം സിഎഎ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു. പൗരത്വഭേദഗതിയെ അനുകൂലിച്ച്‌ സംസാരിക്കുന്നതി നിടെയാണ് പ്രതിഷേധം. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സിപിഐ എം നേതാക്കള്‍ ഉള്‍പ്പടെയുള്ളരും സംഘാടകരും ഇടപെട്ട് ആദ്യം ഇത് തടയുകയായിരുന്നു.

ചരിത്രകാരന്‍മാരായ ഇര്‍ഫാന്‍ ഹബീബ്, എംജിഎസ് നാരായണന്‍ ഉള്‍പ്പടെയുള്ളവര്‍ സദസ്സിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു പ്രതിഷേധം. ഗവര്‍ണര്‍ പ്രസംഗം പൂര്‍ത്തിയാക്കി മടങ്ങിയ ശേഷം പ്രതിഷേധം തുടര്‍ന്ന നാല് പ്രതിനിധികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements

പൗരത്വ നിയമഭേദഗതിക്ക് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആവര്‍ത്തിച്ച്‌ ഗവര്‍ണര്‍ സ്വന്തം പ്രസംഗത്തില്‍ പരാമര്‍ശം നടത്തിയിരുന്നു. പ്രതിഷേധം സമാധാനപരമാകണമെന്നും, ഇതില്‍ എപ്പോള്‍ വേണമെങ്കിലും സംവാദം നടത്താന്‍ തയ്യാറാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

എങ്കില്‍ സംവാദം ഇപ്പോള്‍ത്തന്നെ നടത്താമെന്ന് ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത ചരിത്രകാരന്‍മാരും വിദ്യാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് പറഞ്ഞു. തുടര്‍ന്ന് കയ്യിലുള്ള കടലാസുകളില്‍ ‘പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും ഉപേക്ഷിക്കുക’ എന്നെഴുതിയ പ്ലക്കാര്‍ഡുകളായി എഴുതി അവര്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്.

പ്രതിനിധികളെയും വിദ്യാര്‍ത്ഥികളെയും ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ നീക്കമുണ്ടായെങ്കിലും ഇത് സംഘാടകര്‍ തടയുകയായിരുന്നു. എന്നാല്‍ തന്നെ പ്രതിഷേധിച്ച്‌ നിശ്ശബ്ദനാക്കാനാകില്ലെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചു. ഭരണഘടനയ്ക്ക് ഭീഷണിയാകുന്ന ഒരു തരത്തിലുള്ള നിയമത്തെയും താന്‍ അനുകൂലിക്കില്ല.

കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതും, പൗരത്വ നിയമഭേദഗതിയും ഭരണഘടനയ്ക്ക് എതിരല്ല, എന്നും ഗവര്‍ണര്‍. കേരളത്തിലെമ്ബാടും പല പരിപാടികളിലും പങ്കെടുക്കുന്ന ഗവര്‍ണര്‍ തുടര്‍ച്ചയായി പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച്‌ പ്രസംഗിക്കുന്നുണ്ടായിരുന്നു.

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തരുതെന്ന് വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്ക് ജില്ലാ പൊലീസ് മേധാവി നേരത്തെ താക്കീത് നല്‍കിയിരുന്നു. നിയമ ലംഘനമോ അക്രമസംഭവങ്ങളോ ഉണ്ടായാല്‍ നേതാക്കള്‍ ഉത്തരവാദികളാകുമെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

എന്നാല്‍ പൊലീസിന്‍റെ കണക്കുകൂട്ടലില്‍ നിന്നും വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് പുറമേ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ചരിത്രകാരന്‍മാരും പ്രതിനിധികളും ഇത്തരത്തില്‍ പ്രതിഷേധിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *