കണ്ണീരൊഴിയാതെ സനലിന്‍റെ കുടുംബം

തിരുവനന്തപുരം: ഒരു ജീവന് വിലയില്ലേ? രണ്ട് പൊടി കുഞ്ഞുങ്ങള്‍ എന്ത് ചെയ്യും? നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി പിടിച്ച് തള്ളിയപ്പോള്‍ കാറിടിച്ച് ജീവന്‍ പൊലിഞ്ഞ സനല്‍കുമാറിന്റെ കുടുംബത്തിന്‍റെ ചോദ്യങ്ങളില്‍ കണ്ണീരിന്‍റെ നനവുണ്ട്. സനല്‍കുമാറിന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ മുഴുവനുമാണ് ഇല്ലാതായത്. ഭാര്യയും രണ്ട് കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സനല്‍.
സര്‍ക്കാര്‍ പ്രസ്സില്‍ താത്കാലിക ജീവനക്കാരനായിരുന്ന സനലിന്റെ അച്ഛന്‍ മരിച്ചിട്ട് ഒരു വര്‍ഷമേ ആയിട്ടുള്ളു. ഇലക്‌ട്രീഷനായ സനലായിരുന്നു വീട്ടിലെ ഏക അത്താണി. എന്തെങ്കിലും തെറ്റ് ചെയ്തിരുന്നെങ്കില്‍ അറസ്റ്റ് ചെയ്യണമായിരുന്നു. അല്ലെങ്കില്‍ ഒരടി കൊടുക്കണമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യണമായിരുന്നോ? ഇങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് സനലിന്‍റെ കുടുംബം മലയാളി മനസാക്ഷിക്ക് മുന്നില്‍ വെയ്ക്കുന്നത്.

വീട്ടില്‍ എന്തിനാണ് ഇത്രയും ആളുകള്‍ എത്തിയതെന്നോ, അമ്മയും അമ്മൂമ്മയും എന്തിനാണ് കരയുന്നതെന്നോ അറിയാതെ അമ്ബരന്ന് നോക്കി നില്‍ക്കുകയാണ് സനലിന്റെ മക്കളായ അനനും ആല്‍ബിനും. ഒന്നുമറിയാത്ത ആ രണ്ട് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച് ആ കുടുംബം മുഴുവന്‍ തേങ്ങുകയാണ്.

കൊടങ്ങാവിളയില്‍ ഇന്നലെ രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൊടങ്ങാവിളയിലെ സുഹൃത്തിന്‍റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്‍റെ വാഹനത്തിന് തടസമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദ്ദിക്കുകയായിരുന്നു. വാഹനം മാറ്റിയിട്ട സനലിനെ പിന്നാലെയെത്തിയ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിടുകയും എതിരെ വന്ന വാഹനം സനലിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ ആരോപിക്കുന്നു.

സംഭവത്തിനുശേഷം ഒളിവില്‍പോയ ഡിവൈഎസ്പി ഹരികുമാറിനായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. നെടുമങ്ങാട് എഎസ്പി സുജിത് ദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭനത്തില്‍ ഡിവെെഎസ്പിക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
