കണ്ണന്താനം കേന്ദ്ര മന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായി അല്‍ഫോണ്‍സ് കണ്ണന്താനം ചുമതലയേറ്റു. വലിയ ഉത്തരവാദിത്വമാണ് തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്ന് സ്ഥാനമേറ്റശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം മന്ത്രാലയത്തിന് അനന്ത സാധ്യതകളാണുള്ളത്. എന്നാല്‍ ആദ്യം നാം നമ്മെത്തന്നെ സ്നേഹിക്കണം. രാജ്യത്തെ സ്നേഹിക്കണം. എന്നാല്‍ മാത്രമെ സഞ്ചാരികളെ നമ്മുടെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കഴിയൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി കഴിഞ്ഞ ദിവസമാണ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ഇലക്‌ട്രോണിക്സ് – ഐ. ടി വകുപ്പില്‍ സഹമന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിക്കും.

നരേന്ദ്രമോദി മന്ത്രിസഭയില്‍ ഇത്രയധികം പ്രാധാന്യമുള്ള ചുമതലകള്‍ ലഭിക്കുകയെന്നത് അവിശ്വസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വലിയ ഉത്തരവാദിത്വങ്ങളും ഒപ്പം അനന്ത സാധ്യതകളുമാണ് തനിക്ക് മുന്നിലുള്ളതെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അല്‍ഫോന്‍സ് കണ്ണന്താനം കോട്ടയം മണിമല സ്വദേശിയാണ്. ദേവികുളം സബ് കളക്ടറായി ഔദ്യോഗിക ജീവിതമാരംഭിച്ച കണ്ണന്താനം പിന്നീട് കോട്ടയം കളക്ടര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍, ഡല്‍ഹി വികസന അതോറിറ്റി കമ്മിഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. സി.പി.എം. സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയെ പ്രതിനിധാനംചെയ്ത് നിയമസഭയില്‍ അംഗമായിരുന്നു.

