KOYILANDY DIARY.COM

The Perfect News Portal

കടൽക്ഷോഭത്തെ തുടർന്ന് തകർന്നു തുടങ്ങിയ കടൽഭിത്തിയും റോഡും സംരക്ഷിക്കാൻ അടിയന്തര നടപടികൾ തുടങ്ങി: കെ.ദാസൻ.എം.എൽ.എ

കൊയിലാണ്ടി: ഹാർബറിൽ നിന്നും തെക്കുഭാഗത്ത് വളപ്പിൽ, മൂന്നു കുടിക്കൽ, ഏഴു കുടിക്കൽ ഭാഗങ്ങളിൽ അനുഭവപ്പെട്ട രൂക്ഷമായ കടലാക്രമണമണത്തെ തുടർന്ന് തകർന്നു തുടങ്ങിയ കടൽഭിത്തിയും റോഡും സംരക്ഷിക്കാൻ അടിയന്തര പ്രവൃത്തികൾ ആരംഭിച്ചു. ദാസൻ എം.എൽ.എയുടെ അടിയന്തര ഇടപെടലാണ് ഫലം കണ്ടത്.
റവന്യൂ ദുരന്തനിവാരണ അതോറിറ്റിയുമായി തുടക്കത്തിൽ ബന്ധപ്പെട്ടതിൽ നിന്നും അടിയന്തര സഹായം ലഭിക്കാൻ വൈകുമെന്ന് കണ്ടതിനാൽ മേജർ ഇറിഗേഷൻ വകുപ്പ് ചീഫ് എഞ്ചിനീയറിൽ നിന്നും അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തി 14 ലക്ഷം രൂപ പ്രവൃത്തികൾക്കായി അനുവദിപ്പിക്കുകയായിരുന്നു.  തുടർന്ന് പ്രവൃത്തികൾ അടിയന്തര പ്രാധാന്യത്തോടെ എത്രയും വേഗം ആരംഭിക്കാൻ കലക്ടറുടെ അനുമതിയോടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
ഇപ്പോൾ രാവിലെ മുതൽ കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തികളും റോഡുകളും തിരകളിൽ നിന്നും സംരക്ഷിക്കുന്ന പ്രവൃത്തികൾ തുടങ്ങി.  നേരെത്തെ മൂന്നു കുടിക്കൽ ഭാഗത്ത് അപകടത്തിലായ ഹൈമാസ്റ്റ് ലൈറ്റ് കേടുകൂടാതെ കെൽട്രോൺ ജീവനക്കാർ ഫയർഫോഴ്സുകാരുടെ സഹായത്തോടെ നിലത്തിറക്കിയിരുന്നു.
കടൽക്ഷോഭങ്ങളിൽ നിന്നും തീരദേശത്തെ സംരക്ഷിച്ച് നിർത്താനുള്ള അടിയന്തര പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്.  ഇതിനുള്ള ശാശ്വതപരിഹാരമായി മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നും നിർദ്ദേശമുളള പുലിമുട്ട് നിർമ്മാണത്തിന് പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് അടക്കമുള്ള അനുകൂല റിപ്പോർട്ട് കേന്ദ്ര പഠന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ടതുണ്ട്.  ആയത് അടക്കമുള്ള കാര്യങ്ങൾ ലഭ്യമാക്കാനും അനന്തര നടപടികൾ സ്വീകരിക്കലും സംസ്ഥാന സർക്കാറിന്റെ സജീവ പരിഗണനയിലുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *