കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് ശ്രീലങ്കന്‍ നേവിയുടെ സഹായഹസ്തം

കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് ശ്രീലങ്കന്‍ നേവിയുടെ സഹായഹസ്തം. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. നേവിയുടെ പട്രോളിങ് സംഘമാണ് കടലില്‍ മുങ്ങിത്താഴുന്ന ആനയെ കണ്ടെത്തിയത്.
തുടര്‍ന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആനയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ശ്രീലങ്കന്‍ തീരത്തുള്ള ആനകള്‍ കടലില്‍ 15 കിലോമീറ്ററുകളോളം നീന്തിപ്പോകാറുണ്ട്. എന്നാല്‍ കടലിലെ അടിയൊഴുക്കാണ് ഈ ആനയ്ക്ക് വിനയായത്.

നേവിയുടെ പട്രോളിങ് സംഘം ആനയെ കണ്ടത്തിയില്ലായിരുന്നില്ലെങ്കില്‍ ആന കടലില്‍ മുങ്ങിച്ചാകുമായിരുന്നു. ഏതായാലും കരയിലെത്തിച്ച ആനയെ പിടികൂടാനൊന്നും ശ്രലങ്ക തയ്യാറായില്ല. ആനയെ നേരെ കാട്ടിലേക്ക് അധികൃതര്‍ തുറന്നുവിട്ടു. അത്യാവശ്യം വെള്ളം കുടിച്ചതിന്റെയും കടലില്‍ അധികനേരം നീന്തിയതിന്റെയും ക്ഷീണമല്ലാതെ ആനയ്ക്ക് മറ്റുപ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറയുന്നു.

കോക്കിലൈ മേഖലയില്‍ വനത്തിന്റെ നടുവില്‍കൂടി കടലിലേക്കെത്തുന്ന ചെറിയ ഉപ്പുതടാകമുണ്ട്. ഇത് മറികടക്കാന്‍ ആനകള്‍ക്ക് ദീര്‍ഘ ദൂരം നടക്കേണ്ടി വരുമെന്നതിനാല്‍ ഈ തടാകം നീന്തി മറികടക്കുകയാണ് ആനകള്‍ ചെയ്യുക. ഇങ്ങനെ ചെയ്യുമ്പോഴാകാം ആന കടലിലേക്ക് ഒഴുകിപ്പോയതെന്നാണ് നിഗമനം.

