കടലിലിറങ്ങുന്നവരുടെ രക്ഷകനായ തങ്ങളുടെ പ്രിയ ചങ്ങാതിയെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ നൊമ്പരത്തില്‍ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍

തിരുവനന്തപുരം: കടലിനെ നോക്കി നെഞ്ച്‌പൊട്ടി നിലവിളിക്കുന്ന അമ്മയേയും മക്കളെയും സാന്ത്വനിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. കലി തുള്ളി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകള്‍ക്കു മുന്നില്‍ നിസ്സഹായരായ ലൈഫ് ഗാര്‍ഡുമാര്‍. കടലിലിറങ്ങുന്നവരുടെ രക്ഷകനായ തങ്ങളുടെ പ്രിയ ചങ്ങാതിയെ രക്ഷിക്കാന്‍ കഴിയാത്തതിന്റെ നൊമ്ബരത്തില്‍ മത്സ്യത്തൊഴിലാളി സുഹൃത്തുക്കള്‍. ശംഖുംമുഖം ബുധനാഴ്‌ച സങ്കടക്കാഴ്‌ചകളുടേതായിരുന്നു.
വൈകിട്ട് അഞ്ചോടെയാണ് സംഭവങ്ങളുടെ തുടക്കം. കടപ്പുറത്തെത്തിയ മൂന്നാര്‍ സ്വദേശി യുവതിയെ ലൈഫ് ഗാര്‍ഡായ ജോണ്‍സണ്‍ ഗബ്രിയേല്‍ രക്ഷിക്കാനായി കടലിലേക്കിറങ്ങുകയായിരുന്നു. യുവതിയെ കടലില്‍നിന്ന് രക്ഷിച്ച് തീരത്തെത്തിച്ചെങ്കിലും പിന്നാലെ ശക്തമായ തിരയില്‍ ജോണ്‍സണ്‍ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞാണ് ജോണ്‍സന്റെ ഭാര്യ ശാലിനിയും മക്കളായ അഭിയും ആതിരയും കടപ്പുറത്തെത്തിയത്. മൂവരുടെയും കരച്ചിലും നിലവിളിയും ബന്ധുക്കളെയും നാട്ടുകാരെയും കണ്ണീരണിയിച്ചു.

കഠിനാധ്വാനിയും നാട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരനുമായിരുന്നു ജോണ്‍സണ്‍. കടലില്‍ ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പുമായി സദാ തീരത്ത് ജോണ്‍സനുണ്ടാവും. ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ രക്ഷിക്കാനും എപ്പോഴും ജോണ്‍സണ്‍ മുന്നിലുണ്ടാവും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശംഖുംമുഖത്തെത്തിയിരുന്നു. ഊര്‍ജിതമായ തെരച്ചില്‍ നടത്താന്‍ മന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോസ്‌റ്റ് ഗാര്‍ഡ് രാത്രി വൈകിയും തെരച്ചില്‍ തുടരുകയാണ്.

ചെറിയുതറ സ്വദേശിയായ ജോണ്‍സണ്‍ ശംഖുംമുഖം വയര്‍ലസ് രാജീവ് നഗറില്‍ പുതുവല്‍ പുത്തന്‍വീട്ടിലാണ് താമസം. വീടിന്റെ നിര്‍മ്മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ജോണ്‍സന്‍ കടലില്‍ അകപ്പെട്ട വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പടെ നിരവധി പേര്‍ കടപ്പുറത്തെത്തി.

മൂന്നാര്‍ സ്വദേശിനിയായ യുവതി ആത്മഹത്യശ്രമത്തിന്റെ ഭാഗമായാണ് കടലില്‍ ചാടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ മൊഴി എടുത്താലേ ഇതുസംബന്ധിച്ച് വ്യക്തത വരുകയുള്ളൂവെന്ന് വലിയതുറ പൊലീസ് പറഞ്ഞു.
