കടകളിൽ ഓണക്കാല സംയുക്ത പരിശോധന:17 കേസുകൾ റജിസ്റ്റർചെയ്തു

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ കലക്ടറുടെ നിർദ്ദേശാനുസരണം വിവിധ വകുപ്പുകളെ സംയോജിപ്പിച്ചു കൊണ്ട് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ ബാലുശ്ശേരി, നടുവണ്ണൂർ തുടങ്ങിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഹെപ്പർ മാർക്കറ്റ് ‘സൂപ്പർ മാർക്കറ്റ്, പച്ചക്കറി കടകൾ, ഇറച്ചി കടകൾ ,മത്സ്യ മാർക്കറ്റ് ,ഹോട്ടൽ, ഫാസ്റ്റ്ഫുഡ്, ബേക്കറി കടകൾ എന്നിവ പരിശോധിച്ചതിൽ,പൊതുവിതരണ വകുപ്പ് 8 കേസും, ഭക്ഷ്യ സുരക്ഷ വകുപ്പ് 5 കേസും, ലീഗൽ മെട്രോളജി’ 4 കേസും എടുത്ത് നോട്ടീസ് നൽകി.
ഫാസ്റ്റ്ഫുഡ് കടയിലും, ഹോട്ടലുകളിലും നിരോധിക്കപ്പെട്ടതും,ആരോഗ്യത്തി ന് ഹാനികരമായ കളറുകളും, രുചിക്കൂട്ടുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കൾ, സൂക്ഷിക്കുന്നതും ഭക്ഷണ പദാർത്ഥങ്ങളിൽ കലർത്തുന്നതും കഠിനശിക്ഷക്ക് വിധേയമാകുന്ന കുറ്റമാണെന്നും, കൂടാതെ ഭക്ഷണ പദാർത്ഥങ്ങൾ പാകം ചെയ്യുന്ന എണ്ണയുടെ പുനർ ഉപയോഗം തടയുന്നതിനും കർശന നിർദ്ദേശം നൽകി.
സംയുക്ത പരിശോധനയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ വി. പി. രാജീവൻ, റേഷനിംഗ് ഇൻസ്പെക്ടർ എ.കെ. സതീഷ് ചന്ദ്രൻ, ഭക്ഷ്യ സുരക്ഷാ ഓഫീസർ പി. ജി. ഉൻമേഷ്, ലീഗൽ മെട്രോളജി വകുപ്പിൽ നിന്നും, ടി. ടി. സുനിൽ കുമാർ, ജ്യോതി ബസു എന്നിവർ പങ്കെടുത്തു.
