ഓറിയോൺ ബാറ്ററി നിർമ്മാണശാല വീണ്ടും തുറക്കാൻ ശ്രമം: പ്രതിഷേധം ശക്തം

കൊയിലാണ്ടി: മുചുകുന്നിൽ പ്രദേശവാസികളുടെ ജനകീയ സമരത്തെ തുടർന്ന് നിർത്തിവെച്ച ഓറിയോൺ ബാറ്ററി നിർമ്മാണശാല വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബാറ്ററിയുടെ അസംബ്ലിങ്ങ് എന്ന പേരിലാണ് നിർമ്മാണശാല വീണ്ടും ആരംഭിക്കാനുള്ള നീക്കം അണിയറയിൽ സജീവമാകുന്നത്. നീക്കത്തിനെതിരെ ജനകീയ കർമ്മസമിതി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലഡ് ആസിഡ് ബാറ്ററിയിൽ അടങ്ങിയിരിക്കുന്ന’ രാസപദാർത്ഥങ്ങൾ ആരോഗ്യത്തിനും പരിസ്ഥിതിക്കും നാശം വരുത്തും. ഇതിന്റെ അവശിഷ്ടങ്ങൾ ഖരമാലിന്യത്തിൽ കൂടെയും തുറസ്സായ സ്ഥലങ്ങളിലൊ തള്ളിയാൽ ഭൂഗർഭ ജലത്തെ മലിനപ്പെടുത്തും കുടിവെള്ളത്തിന്റെ മേന്മയെ വരെ സാരമായി ബാധിക്കുമെന്ന് ഭുഗർഭ വകുപ്പിന്റെ പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കലക്ടറേറ്റിൽ ചേർന്ന ജില്ല വ്യവസായ .ഏകജാലക ക്ലിയറൻസ് ബോർഡ് യോഗത്തിലെടുത്ത തീരുമാനപ്രകാരമണ് അസംബ്ലിങ്ങ് സ്റ്റോറേജ്, പാക്കിംഗ് എന്നീ പ്രവർത്തികൾ നടത്താൻ എന്ന പേരിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ അപേക്ഷ നൽകിയത്. ഇത് പ്രകാരം സിഡ്കോയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ രേഖകൾ സമർപ്പിക്കാൻ 27.10.16 ന് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. 5.12.2016 ന് രേഖകൾ സമർപ്പിക്കുകയും ചെയ്തു. സിഡ്കോ മാനേജരോട് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരിക്കെയാണ്പദ്ധതി വീണ്ടും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.

മൂടാടി പഞ്ചായത്തിലെ സിഡ്കോയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓറിയോൺ കമ്പനി ബാറ്ററി നിർമ്മാണശാല ആരംഭിക്കുന്നതെന്നാണ് വിവരം. ബാറ്ററി അസംബ്ലിങ്ങ് എന്ന സിസ്റ്റം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത് അസംബ്ബിങ്ങ് എന്ന പേരിൽ ബാറ്ററി നിർമ്മാണം തന്നെയാണ് ഉദ്ദേശിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നു.

ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യവസായ യൂണിറ്റ് ആരംഭിച്ചാൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജനകീയ കർമ്മസമിതി മുന്നറിയിപ്പ് നൽകി. കൺവീനർ എ.ടി. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. രജീഷ് മാണിക്കോത്ത്, കെ.പി. മോഹനൻ, സി. രമേശൻ, വി. അബൂബക്കർ , ഹമീദ് പുതുക്കുടി എന്നിവർ സംസാരിച്ചു.

