KOYILANDY DIARY.COM

The Perfect News Portal

ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കു ലൈസന്‍സ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം:  ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ക്കു സംസ്ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ചിരിക്കുന്നതില്‍ കൂടുതല്‍ നിരക്ക് ഈടാക്കരുതെന്നും വാങ്ങുന്ന തുകയ്ക്കു രസീത് നല്‍‍കണമെന്നും ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച കരട് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. ടാക്സി സംഘടനകളുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും നിര്‍ദേശങ്ങള്‍ നടപ്പാക്കുക.

പരമ്പരാഗത ടാക്സിക്കാരും ഓണ്‍ലൈന്‍ ടാക്സിക്കാരും തമ്മില്‍ ഏറെ നാളുകളായി തുടരുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഓണ്‍ലൈന്‍ ടാക്സികള്‍ അമിതചാര്‍ജ് ഈടാക്കുന്നുവെന്ന പരാതി പരിഹരിക്കാനുമാണു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നത്. ഇതനുസരിച്ച്‌ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് നടത്തുന്ന ഏജന്‍സികള്‍ ഇനി മുതല്‍ ലൈസന്‍സെടുക്കണം. ഡിമാന്‍ഡിന് അനുസരിച്ചു നിരക്കു കൂട്ടാന്‍ പാടില്ല. മോട്ടോര്‍ വാഹനവകുപ്പ് നിശ്ചയിച്ച നിരക്കില്‍ അധികം വാങ്ങരുത്. എന്നാല്‍ എത്ര വേണമെങ്കിലും ഇളവു നല്‍കാം. വാങ്ങുന്ന തുകയ്ക്ക് ഓണ്‍ലൈനായോ അല്ലാതെയോ ബില്‍ നല്‍കണം. സര്‍വീസ് നടത്തുന്ന വാഹനങ്ങളും ഡ്രൈവര്‍മാരും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പു തയാറാക്കിയ കരടിലുണ്ട്.

മഹാരാഷ്ട്ര അടക്കം മറ്റു സംസ്ഥാനങ്ങളില്‍ കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൂടി പഠിച്ചശേഷമാണു റിപ്പോര്‍‍ട്ട് തയാറാക്കിയത്. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും ശുപാര്‍ശയുണ്ട്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലായി രണ്ട് ഏജന്‍സികളിലായി 10,000ല്‍ പരം ഓണ്‍ലൈന്‍ ടാക്സികളാണ് നിലവിലുള്ളത്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *