ഓണാവധിക്ക് ശേഷം സ്ക്കൂള്‍ ബസ്സില്‍ ജിപിഎസ് നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്ക്കൂള്‍ വാഹനങ്ങളിലും ഓണാവധിക്ക് ശേഷം ജിപിഎസ് നിര്‍ബന്ധമാക്കുമെന്ന് ഗതാഗത കമ്മീഷണര്‍ കെ. പദ്മകുമാര്‍. സെപ്റ്റംബറിന് ശേഷം ജിപിഎസ് ഇല്ലാതെ വാഹനങ്ങള്‍ റോഡിലിറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഗതാഗത കമ്മീഷണര്‍ പറഞ്ഞു.
സ്ക്കൂള്‍ വാഹനങ്ങള്‍ അപടകത്തില്‍ പെടുന്നത് വര്‍ദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചത്. ഈ അധ്യയന വര്‍ഷം മുതല്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും ഉപകരണത്തിന്‍റെ പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇക്കാരണത്താലാണ് ഓണാവധി വരെ സമയം നീട്ടിയത്.

ഇപ്പോള്‍ വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് ജിപിഎസ് നിര്‍ബന്ധമാക്കുന്നതെങ്കിലും അടുത്ത ഘട്ടമായി കരാര്‍ വാഹനങ്ങളിലും ഇത് നിര്‍ബന്ധമാക്കും. കുട്ടികള്‍ക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാല്‍ വാഹനത്തിലെ ബസ്സര്‍ അമര്‍ത്തിയാല്‍ അടുത്തുള്ള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ജിപിഎസിലുണ്ടാകും. സ്ക്കൂള്‍ തുറക്കുന്നതിന മുന്നോടിയായി വാഹനങ്ങളുടെ പരിശോധന സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും പരിശീലവും പൂര്‍ത്തിയാക്കി. പരിശോധന പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ക്ക് പ്രത്യേക സ്റ്റിക്കര്‍ പതിക്കും.

