ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി

തലയോലപ്പറമ്പ്: ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്ബില്‍ വീട്ടില്‍ അന്‍വര്‍ സാദത്തി (23)നെയാണ് ഞായറാഴ്ച പിടികൂടിയത്. ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചു.പാലാംകടവ് റോഡിലുള്ള ഒരു കല്യാണമണ്ഡപത്തിലാണ് സംഭവം. വിവാഹത്തോടനുബന്ധിച്ചുള്ള പരിപാടി അവതരിപ്പിക്കാനെത്തിയ ഏഴുപേരുടെ സംഘത്തില്‍ പെട്ടയാളാണ് അന്‍വര്‍. ഇവര്‍ ആദ്യം മുറിയില്‍കയറി ഡ്രസ് ചെയ്തിറങ്ങി. തുടര്‍ന്ന് ഇതേമുറിയില്‍ ഭക്ഷണം വിളമ്ബാനെത്തിയ സ്ത്രീകള്‍ വസ്ത്രം മാറാന്‍ കയറി. ഈസമയം ഒരുബാഗില്‍ മൊബൈല്‍ ക്യാമറ ഓണ്‍ചെയ്തനിലയില്‍ ഉയര്ന്നുനില്ക്കുന്നത് ഇവരില്‍ ഒരുസ്ത്രീയുടെ ശ്രദ്ധയില്‍പെട്ടു.
ഇതോടെ സ്ത്രീകള്‍ രോഷാകുലരായി. എങ്കിലും വിവാഹം കഴിയുംവരെ കാത്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ മുറിയില്‍നിന്നു ലഭിച്ച ഫോണുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സ്ത്രീകളുടെ പരാതിയെത്തുടര്‍ന്ന് അന്‍വര്‍ സാദത്തിന്റെ പേരില്‍ കേസെടുത്തു കോടതിയില്‍ ഹാജരാക്കി. എസ്ഐ. രഞ്ജിത്കുമാര്‍, ജോസഫ്.പി.എം., എ,എസ്ഐ. വിജു എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

