ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ ഇടിച്ചിട്ടു: മരണത്തെ മുഖാമുഖംകണ്ട് ട്രെയിനിനടിയില്‍ നിന്നും പ്രതീക്ഷക്ക് പുതുജന്മം

മുംബൈ> പാഞ്ഞുവരുന്ന ട്രെയിനുമുന്നില്‍ അകപ്പെട്ട പെണ്‍കുട്ടി ആദ്യം പകച്ചു. പിന്നെ രക്ഷപ്പെടാനായി പരക്കം പാഞ്ഞു. ഭയചകിതരായ കാഴ്ചകാര്‍ക്ക് മുന്നില്‍ ട്രെയിന്‍ അവളെ ഇടിച്ചിട്ടു പാഞ്ഞുകയറി. അപകടത്തിന് ശേഷം നിര്‍ത്തിയിട്ട ട്രെയിനിനടിയിലേക്ക് നോക്കിയവര്‍ക്ക് തങ്ങളെതന്നെ വിശ്വസിക്കാനായില്ല.
ചതഞ്ഞുതീരേണ്ടിടത്തുനിന്നും നിസാര പരിക്കോടെ ആ പെണ്‍കുട്ടി പതുക്കെ എഴുന്നേറ്റുനിന്നു .. തിരികെ ജീവിതത്തിലേക്ക്. അതെ മുംബൈ ബാണ്ഡുപ്പ് സ്വദേശിയായ 18 കാരി പ്രതീക്ഷാ നടേകര്‍ തിരിച്ചുവന്നത് മരണമുഖത്തുനിന്നാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനകം കണ്ടത് ലക്ഷങ്ങളാണ്.

കുര്‍ള റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ മെയ് 16നാണ് സംഭവം. സുഹൃത്തിനെ കാണാനെത്തിയ പ്രതീക്ഷ ഇയര്‍ഫോണില്‍ സംസാരിച്ചുകൊണ്ട് ഏഴാം നമ്ബര്‍ പ്ളാറ്റ്ഫോമിലേക്ക് പാളം മുറിച്ച് കടക്കുകയായിരുന്നു. ഇയര്‍ഫോണില്‍ സംസാരിച്ചിരുന്നതിനാല്‍ എതിരെവന്ന ചരക്കുവണ്ടിയുടെ ശബ്ദമോ പ്ളാറ്റ്ഫോമിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ വിളിച്ചതോ പ്രതീക്ഷ കേട്ടില്ല.

ട്രെയിന്‍ തൊട്ടടുത്തെത്തിയപ്പോഴാണ് പ്രതീക്ഷ അതറിയുന്നത്. പിന്നെ പരിഭ്രാന്തിയോടെ ആദ്യം പ്ളാറ്റ്ഫോമിന് നേരെ ഓടാന്‍ നോക്കി. പിന്നെ പാളത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ട്രെയിന്‍ ഇടിച്ചിട്ടു. ആദ്യബോഗി അവള്ക്കുമുകളിലുടെ കയറിയിറങ്ങി. അതിനുശേഷമാണ് ലോക്കോപൈലറ്റിന് വണ്ടി നിര്‍ത്താന്‍ സാധിച്ചത്.

എന്നാല്‍ നിമിഷങ്ങള്‍ക്കുശേഷം പ്ളാറ്റ്ഫോമിലുണ്ടായിരുന്നവരെ അത്ഭുതപ്പെടുത്തി ഒന്നും സംഭവിക്കാത്തപോലെ അവള് ട്രാക്കില്‍ നിന്നും എഴുന്നേറ്റുനിന്നു. ഇടതുകണ്ണിന്സമീപം ചെറിയൊരു പരിക്ക് മാത്രമെ അവള്‍ക്കുണ്ടായിരുന്നുള്ളൂ…സ്റ്റേഷനിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
