ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു പൂര്‍ണമായും കത്തിനശിച്ചു. ഡ്രൈവര്‍ കാര്‍ നിര്‍ത്തി ഇറങ്ങി ഓടിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.പോങ്ങുംമൂട് പെട്രോള്‍ പാമ്പിന് സമീപം ഇന്നലെ വെകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. പോങ്ങുംമൂട് അര്‍ച്ചന നഗര്‍ കാട്ടില്‍ വീട്ടില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്.
അപകടം നടക്കുമ്പോള്‍ ദീപു മാത്രമേ കാറിലുണ്ടായിരുന്നുള്ളു. കെ.എല്‍. 01 -എ.പി. 8795 എന്ന നമ്പറിലുള്ള ഫോര്‍ഡ് ഫിസ്റ്റ കാറാണ് അപകടത്തില്‍പ്പെട്ടത്. ശ്രീകാര്യത്ത് നിന്നും ഉള്ളൂര്‍ ഭാഗത്തേക്ക് കാറോടിച്ച് പോകുമ്ബോള്‍ പോങ്ങുമൂട് പെട്രോള്‍ പമ്പിന് സമീപം വച്ച് കാറിനുള്ളില്‍ നിന്ന് പുക വരുന്നത് ശ്രദ്ധയില്‍പ്പെട്ട ദീപു, കാര്‍ റോഡുവക്കില്‍ ഒതുക്കി നിര്‍ത്തി ഡോര്‍ തുറന്ന് പുറത്തേക്ക് രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ചെങ്കല്‍ചൂള സ്റ്റേഷന് ഓഫീസര്‍ അശോക്കുമാറിന്റെ നേതൃത്വത്തില്‍ ചെങ്കല്‍ച്ചൂള, കഴക്കൂട്ടം ഫയര്‍സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.കാറിന്റെ എന്‍ജിനില്‍ വെള്ളമില്ലാതെ എന്ജിന് ചൂടായതിനെത്തുടര്‍ന്ന് ഇലക്ട്രിക് വയറുകള്‍ കത്തി തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടര്‍ന്ന് ശ്രീകാര്യം- ഉള്ളൂര്‍ റോഡില്‍ ഒരുമണിക്കൂറോളം ഗതാഗത തടസമുണ്ടായി.

