ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെ മരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂരിലും, പൊയിൽക്കാവിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മീതെ മരം മുറിഞ്ഞ് വീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്നു പുലർച്ചെ 4 മണിക്കുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് മരംമുറിഞ്ഞ് വീണത്. പൂക്കാട് ഓടിക്കൊണ്ടിരിക്കുന്ന കാറിനു മീതെയായിരുന്നു മരം വീണത്. ആർക്കും പരിക്കില്ല. പൊയിൽക്കാവിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മീതെയാണ് വൻമരം കടപുഴകി വീണത്. ഇതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ഇരു വാഹനങ്ങൾക്കും കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്.

കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട് ബീച്ചിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചത്. ശക്തമായ കാറ്റിലും മഴയിലും 4 മണിക്കൂറിലേറെ കഠിനപ്രയത്നം നടത്തിയാണ് കാലത്ത് 8 മണിയോടുകൂടി ഗതാഗതം പുനസ്ഥാപിക്കാനായത്.


