KOYILANDY DIARY

The Perfect News Portal

ഓഖി: കേന്ദ്ര കാലാവസ്ഥാ സൈറ്റില്‍നിന്ന് വിവരങ്ങള്‍ അപ്രത്യക്ഷമായി

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇത് സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് നീക്കി. കേന്ദ്ര ഭൌമശാസ്ത്ര മന്ത്രാലയത്തിന്റെ കീഴിലുള്ള വകുപ്പ് പ്രതിക്കൂട്ടില്‍ നില്‍ക്കവെ ഡിസംബര്‍ ഒന്നു മുതലാണ് വിവരങ്ങള്‍ അപ്രത്യക്ഷമായത്. ചുഴിലിക്കാറ്റ് പ്രവചനം സംബന്ധിച്ച വിവിധ മോഡലിങ്ങുകള്‍, റിപ്പോര്‍ട്ടുകള്‍ (എഫ്ഡിപി സൈക്ളോണ്‍ റിപ്പോര്‍ട്ട്സ്) തുടങ്ങിയ വിവരങ്ങളാണ് നീക്കിയത്. ഓഖി ചുഴലിക്കാറ്റ്, ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യൂനമര്‍ദം തുടങ്ങിയവയെ സംബന്ധിച്ചുള്ളവയാണിവ. പൊതുജനങ്ങള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഈ വിവരങ്ങള്‍ നേരത്തെ ലഭ്യമായിരുന്നു.

ഓഖിയെ തിരിച്ചറിയുന്നതിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ പഠിച്ച്‌ വിലയിരുത്തുന്നതിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പരാജയപ്പെട്ടു. ഈ ന്യൂനമര്‍ദം ചുഴലിക്കൊടുങ്കാറ്റായി രൂപപ്പെട്ട് ചെന്നൈയുടെ വടക്കുഭാഗത്തും ആന്ധ്ര തീരത്തും ഇടിച്ചിറങ്ങുമെന്നായിരുന്നു ഐഎംഡി പ്രവചനം. എന്നാല്‍, ന്യൂനമര്‍ദം ദുര്‍ബലമായി കടല്‍ വഴി വടക്കുകിഴക്കന്‍ മേഖലയിലേക്ക് നീങ്ങി. ഇത് ചുഴലിക്കൊടുങ്കാറ്റാകില്ലെന്ന് ലോകത്തെ മറ്റു ചില കാലാവസ്ഥാ കേന്ദ്രങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ താപനില കുറഞ്ഞതാണ് കാരണമായി ഇവര്‍ പറഞ്ഞത്. കടലിലെ താപനില പരിശോധിക്കാതെയുള്ള വിലയിരുത്തലാണ് ഐഎംഡിയുടെ പ്രവചനങ്ങളെ തെറ്റിച്ചത്.

ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ രൂപപ്പെടല്‍ കണ്ടെത്തിയില്ലെന്നു മാത്രമല്ല, അത് കടന്നുപോകുന്ന വഴിപോലും കൃത്യമായി പ്രവചിക്കാന്‍ ഐഎംഡിക്കായില്ല. കേരളതീരം തൊടാതെ തെക്കു പടിഞ്ഞാറ് ദിശയില്‍ വടക്കോട്ട് നീങ്ങി ലക്ഷദ്വീപിലെത്തുമെന്നായിരുന്നു ഐഎംഡി ആദ്യം പ്രവചിച്ചത്. ചുഴിലിക്കൊടുങ്കാറ്റ് ഗോവന്‍ തീരത്തെത്തി ദുര്‍ബലമായി ഇല്ലാതാകുമെന്നായിരുന്നു അവരുടെ പ്രവചനം. ഇതും തെറ്റി. ഗുജറാത്ത് തീരം വരെ എത്തിയശേഷമാണ് ഓഖി ദുര്‍ബലമായത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *