ഒളിക്യാമറാ ഓപ്പറേഷന് പിന്നില്‍ സിപിഎമ്മാണെന്ന് തെളിയിക്കാമോ: എം.കെ.രാഘവനെ വെല്ലുവിളിച്ച് പി. മോഹനന്

കോഴിക്കോട്: ഒളിക്യാമറ ഓപ്പറേഷന് പിന്നില്‍ സി പി എം ആണെന്ന ആരോപണം തെളിയിക്കാന്‍ എം.കെ.രാഘവനെ വെല്ലുവിളിക്കുന്നതായി സി പി എം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന്. രാഘവന്റെ കരച്ചില് നാടകം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്നും സി പി എം ജില്ല സെക്രട്ടറി ആരോപിച്ചു.
5 കോടി രൂപയുടെ ഓഫര്‍ സ്വീകരിച്ചതെന്തിനെന്ന് രാഘവന് വ്യക്തമാക്കണം. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ചെലവിനായി 20 കോടി രൂപ എവിടെ നിന്ന് സമാഹരിച്ചുവെന്ന് രാഘവന് തുറന്നു പറയണമെന്നും പി മോഹനന് ചൂണ്ടിക്കാട്ടി. രാഘവനോട് സി പി എമ്മിന് വ്യക്തിവിരോധമില്ല. ഉണ്ടായിരുന്നെങ്കില്‍ അഗ്രിന്‍കോയിലെ റവന്യൂ റിക്കവറി ഇടത് സര്‍ക്കാര്‍ ഒഴിവാക്കി കൊടുക്കുമായിരുന്നോയെന്ന് ചോദിച്ച പി.മോഹനന് എം.കെ രാഘവനെതിരെ ഇനിയും വെളിപ്പെടുത്തലുകള്‍ വരുമെന്നാണ് കേള്‍ക്കുന്നതെന്നും പറഞ്ഞു.

അതേസമയം പുതിയ ആരോപണങ്ങളില്‍ രാഘവന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും രംഗത്തു വന്നു. ആരോപണത്തിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തു വരട്ടെ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടി കള്ളആരോപണങ്ങള്‍ പൊളിക്കാനുള്ള തെളിവ് രാഘവന് തന്നെ കൊണ്ടു വരുമെന്നും പറഞ്ഞു.

എംകെ രാഘവനെതിരെ പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങളുടെ വിശ്വാസ്യത തെളിയിക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന തന്നെ വേണ്ടി വരുമെന്ന് ജില്ലാ കളക്ടര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോയിലെ സംഭാഷണങ്ങളെല്ലാം അതേപോലെ റിപ്പോര്‍ട്ടിലുണ്ടെങ്കിലും ഇതു മാത്രം വച്ച് നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കളക്ടര്‍.

ഒളിക്യാമറാ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വിഷയം പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഒളിക്യാമറാ ദൃശ്യങ്ങളില്‍ എഡിറ്റിംഗും ഡബിംഗും നടത്തി തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി കാണിച്ച് എംകെ രാഘവനും വരാണാധികാരി കൂടിയായ കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
