ഒറ്റപ്പാലത്ത് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്‌എസുകാര്‍ അറസ്റ്റില്‍

ഒറ്റപ്പാലം: സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍എസ്‌എസുകാര്‍കൂടി അറസ്റ്റില്‍. ലെക്കിടി പേരൂര്‍ പാറപ്പള്ളത്ത് ശ്രീനാഥ്(21), ജിഷ്ണു(20)എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പേരൂര്‍ പൂക്കാട്ടുകുന്നത്ത് സുബിന്‍ (31), പുളിക്കല്‍ രജീഷ്(30) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ എട്ടുപേര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. നാലുപേര്‍കൂടി ഇനിയും അറസ്റ്റിലാകാനുണ്ട്.
സിഐ എം സുജിത്, എസ്‌ഐ എസ് അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് സിപിഐ എം പ്രവര്‍ത്തകരായ മൂന്നുപേരെ ആര്‍എസ്‌എസ് ക്രിമിനല്‍സംഘം വടിവാള്‍കൊണ്ട് വെട്ടിപരിക്കേല്‍പ്പിച്ചത്. പേരൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ലെക്കിടി പേരൂര്‍ പൂക്കാട്ടുകുന്ന് വാണിയംപറമ്പില്‍ ശിവപ്രസാദ്(39), ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പൂക്കാട്ടുകുന്ന് വാണിയംപറമ്ബില്‍ ജിനേഷ്(32), പൂക്കാട്ടുകുന്ന് ഷാരൂഖ്(22)എന്നിവരെയാണ് വെട്ടിപരിക്കേല്‍പ്പിച്ചത്.ജിനേഷിന്റെ പരിക്ക് ഗുരുതരമാണ്. ശസ്ത്രക്രിയക്ക്ശേഷം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

