ഒരു വര്‍ഷത്തിനിടെ മോദിക്ക് വിദേശത്തുനിന്ന് കിട്ടിയത് ലക്ഷങ്ങളുടെ സമ്മാനങ്ങള്‍

ദില്ലി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിച്ചത് 12 ലക്ഷത്തോളം രൂപ വില വരുന്ന സമ്മാനങ്ങള്‍. വിദേശകാര്യ മന്ത്രാലയത്തിന്റെ ട്രഷറിയാണ് ഉപഹാരങ്ങളുടെ പട്ടിക പുറത്ത് വിട്ടത്. 2017 ജൂലൈ മുതല്‍ 2018 ജൂണ്‍ വരെയുള്ള കണക്കുകളാണ് ഇത് .
1.10 ലക്ഷം രൂപു വില വരുന്ന മോണ്ട് ബ്ലാക്ക് റിസ്റ്റ് വാച്ച്, 2.15 ലക്ഷം രൂപയുടെ വെള്ളി ഫലകം, 1.25 ലക്ഷം രൂപ വിലമതിക്കുന്ന മോണ്ട് ബ്ലാക്ക് പേനകള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് മോദിയ്ക്ക് ലഭിച്ചത്. വിലപിടിപ്പുള്ള സമ്മാനങ്ങളുടെ വിവരങ്ങളെല്ലാം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവക്ക് പുറമേ ചിത്രങ്ങള്‍, പുസ്തകങ്ങള്‍,ബുള്ളറ്റ് ട്രെയിനിന്റെയും ക്ഷേത്രങ്ങളുടെയും മാതൃകകള്‍, കാര്‍പെറ്റുകള്‍, കമ്ബിളി വസ്ത്രങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കളുടെ പട്ടികയും മന്ത്രാലയം പുറത്ത് വിട്ടു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇസ്രായേല്‍, ജര്‍മനി, ചൈന, ജോര്‍ദാന്‍, പലസ്തീന്‍, യുഎഇ, റഷ്യ, ഒമാന്‍, സ്വീഡന്‍, യുകെ, ഇന്തൊനേഷ്യ, മലേഷ്യ തുടങ്ങി 20 രാജ്യങ്ങളാണ് മോദി സന്ദര്‍ശിച്ചത്. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു ലഭിക്കുന്ന ഉപഹാരങ്ങളുടെ വില അയ്യായിരം രൂപക്ക് മുകളിലാണെങ്കില്‍ ട്രഷറിയില്‍ സൂക്ഷിക്കുകയും, അതില്‍ കുറവാണെങ്കില്‍ അതതു വ്യക്തികള്‍ക്കു തന്നെ നല്‍കുകയുമാണ് ചെയ്യുന്നത്.

