ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ക്കെതിരെ വധഭീഷണി
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ഡോ.ജി. മാധവന്‍ നായര്‍ക്കെതിരെ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മ്യൂസിയം പൊലീസാണ് കേസന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് മാധവന്‍ നായരുടെ വീട്ടിലെ ലെറ്റര്‍ ബോക്സില്‍ ഭീഷണിക്കത്ത് നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്.
നിലവില്‍ സിഐഎസ്‌എഫിന്‍റെ ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ള സുരക്ഷ അദ്ദേഹത്തിനുണ്ട്. ഭീഷണി കത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.മോദിയെയും ഇന്ത്യയെയും സപ്പോര്‍ട്ട് ചെയ്യുന്ന മാധവന്‍ നായരെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി സന്ദേശം. പാകിസ്താന്‍ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്‍റെ പേരിലായിരുന്നു ഭീഷണിക്കത്ത്.

മാധവന്‍ നായരുടെ വീട്ടിലും സമീപത്തെ വീടുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ കത്ത് ആരാണ് ലെറ്റര്‍ ബോക്സില്‍ നിക്ഷേപിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഭീഷണി കത്ത് പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

