KOYILANDY DIARY

The Perfect News Portal

ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയ നിർമ്മാണ കേന്ദ്രം വാണിയം കുളത്ത്

പാലക്കാട്‌: ഏഷ്യയിലെ ആദ്യ കൃത്രിമ ഹൃദയ നിര്‍മാണ കേന്ദ്രം ഷൊര്‍ണൂരിലെ വാണിയം കുളത്ത്‌ വരുന്നു. ഗവേഷണ സ്ഥാപനം, നിര്‍മാണ യൂണിറ്റ്‌, 500 പേര്‍ക്ക്‌ കിടത്തി ചികിത്സയ്‌ക്കുള്ള ആശുപത്രി, അധ്യാപക ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്നിവയടങ്ങുന്ന 1000 കോടി രൂപയുടെതാണ്‌ പദ്ധതി. പൂര്‍ണമായും സ്വകാര്യമേഖലയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം രണ്ടരവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഉടമ ഡോ. മൂസക്കുഞ്ഞി, ഷൊര്‍ണൂര്‍ എം.എല്‍.എ. പി. കെ. ശശി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഹൃദയ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടറാണ്‌ മൂസക്കുഞ്ഞി. രാജ്യാന്തര ഹാര്‍ട്ട്‌ ലിങ്ക്‌ ഫൗണ്ടേഷനുമായി സഹകരിച്ച്‌ സെഞ്ച്വറി മെഡ്‌ ആര്‍ട്ടിഫിഷല്‍ ഹാര്‍ട്ട്‌ സെന്റര്‍ എന്ന പേരിലാകും കേന്ദ്രം. 20 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. യൂറോപ്പിലും അമേരിക്കയിലും മാത്രമാണ്‌ നിലവില്‍ കൃത്രിമ ഹൃദയം നിര്‍മിക്കുന്നത്‌.

ഗതാഗത സൗകര്യം പരിഗണിച്ചാണ്‌ വാണിയംകുളത്ത്‌ കേന്ദ്രം ആരംഭിക്കുന്നതെന്ന്‌ ഡോ. മൂസക്കുഞ്ഞി പറഞ്ഞു. നിലവില്‍ കൃത്രിമ ഹൃദയ മാറ്റത്തിന് ഒന്നരക്കോടി രൂപവരെ ചെലവുണ്ട്‌. ഈ സ്ഥാപനം വരുന്നതോടെ ചെലവ്‌ പത്ത്‌ ലക്ഷമായി കുറയും. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ വിവിധ ഘടകങ്ങളും ഇവിടെ നിര്‍മിക്കും. ലോകത്ത്‌ ഹൃദയതകരാറുള്ള അഞ്ചരക്കോടി ആളുകളില്‍ രണ്ടരക്കോടിയും ഇന്ത്യയിലാണ്‌. 2040ഓടെ ഇവരുടെ എണ്ണം ഇന്ത്യയില്‍ മാത്രം അഞ്ചുകോടിയാകും. ഹൃദയതകരാറുള്ളവര്‍ക്ക്‌ വേഗത്തില്‍ വാണിയംകുളത്ത്‌ എത്താന്‍ ഹൈസ്‌പീഡ്‌ റെയില്‍ ആംബുലന്‍സ്‌ സംവിധാനം എന്ന നിര്‍ദേശം മുഖ്യമന്ത്രിക്ക്‌ സമര്‍പ്പിക്കുമെന്നും ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

Advertisements

സ്ഥാപനം ഷൊര്‍ണൂര്‍ മണ്ഡലത്തിന്‌ മുതല്‍ക്കൂട്ടാകുമെന്ന്‌ പി കെ ശശി എംഎല്‍എ പറഞ്ഞു. 3000 പേര്‍ക്ക്‌ നേരിട്ടും 10,000 പേര്‍ക്ക്‌ പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നും എംഎല്‍എ പറഞ്ഞു. വാണിയംകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രിയ, സ്ഥിരംസമിതി അധ്യക്ഷ ജയപ്രഭ, സജീത്‌ഖാന്‍, ജാഫര്‍ തങ്ങള്‍, കെ കെ ഷംസുദ്ദീന്‍, വി കെ ജോണി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *