KOYILANDY DIARY.COM

The Perfect News Portal

ഏനാത്ത് പാലം ബലപ്പെടുത്തല്‍ മുങ്ങല്‍വിദഗ്ദര്‍ എത്തി പരിശോധന നടത്തി

കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തല്‍ ഭാഗമായി മുങ്ങല്‍വിദഗ്ദര്‍ എത്തി പരിശോധന നടത്തി. ബെയറിംഗ് മാറ്റല്‍ ജോലികള്‍ ഇന്നാരംഭിക്കില്ല. പാലത്തിന്റെ തൂണുകളുടെ അടിഭാഗം പരിശോധിക്കാന്‍ ഇന്നലെ എറണാകുളത്ത് നിന്ന് മുങ്ങല്‍വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ അഭിപ്രായത്തിന്റെ അടിസ്ഥനത്തില്‍ ചീഫ് എഞ്ചീനയറും ചൈന്നെ ഐഐറ്റിയിലെ വിദഗ്ദനുമായി ചര്‍ച്ച നടത്തും. ഇദ്ദേഹം സ്ഥലത്തെത്തി പരിശോധന നടത്തിയതിനുശേഷം മാത്രമെ ബെയറിംഗ് മാറ്റി ജോലികള്‍ ആരംഭിക്കൂ. ഇത് സംബന്ധിച്ച്‌ അന്തിമതീരുമാനം ഇന്നലെ രാത്രി നടത്തുന്ന ചര്‍ച്ചക്ക് ശേഷം ചീഫ് എഞ്ചിനീയര്‍ അറയിക്കും. തീരുമാനം അനൂകൂലമാണങ്കില്‍ ശനിയാഴ്ച ബെയറിംഗ് മാറ്റ ജോലികള്‍ ആരംഭിക്കും.

പാലത്തിന്റെ തൂണുകളുടെ ബലം സംബന്ധിച്ചാണ് ഇന്നലെ പ്രധാനമായും പരിശോധന ടന്നത്. മണലൂറ്റുമൂലം പാലത്തിന് ബലക്ഷയം സംഭവിച്ചതായും സൂചനയുണ്ട്. പാലത്തെ ബീമുകളുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ബെയറിംഗ് തെന്നിമാറിയതിനെ തുടര്‍ന്ന് പാലത്തിന്റെ മുകള്‍ഭാഗത്ത് വിള്ളലുണ്ടാവുകയും കൈവരികള്‍ അടര്‍ന്ന് മാറുകയുമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെയും കെഎസ്ടിപിയുടെയും വിവിധ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥസംഘവും എറണാകുളത്ത് നിന്നും ബ്രിഡ്ജ് എക്സ്പര്‍ട്ടുകളും സ്ഥലത്തെത്തി നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബലപ്പെടുത്തല്‍ നടപടികള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്.

ബലം സംബന്ധിച്ച്‌ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നത്. പാലത്തിന്റെ മുകള്‍തട്ടില്‍ തകരാര്‍ പറ്റിയ ഭാഗത്തെ ഇരുമ്ബ് പ്ലേറ്റ് ഇളക്കിമാറ്റിയശേഷം അടിഭാഗത്ത് നിന്നും വടംകെട്ടി ബലപ്പെടുത്തി ജാക്കികള്‍ വച്ച്‌ പാലം ഉയര്‍ത്താനായിരുന്നു ആദ്യതീരുമാനം. ബീമുകള്‍ ഉയര്‍ത്തിയശേഷം ആറ് ബെയറിംഗുകള്‍ മാറ്റും. മറ്റ് ബീമുകളുടെ ബെയറിംഗുകള്‍ രണ്ടാം ഘട്ടമായി മാറ്റുന്നതോടെ ഗതാഗതം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.

എംസി റോഡിനെ ബന്ധിപ്പിക്കുന്ന പ്രധാനപാലം അടഞ്ഞതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണങ്കില്‍ ചെറിയ വാഹനങ്ങളെ ഒരു വശത്ത്കൂടി കടത്തിവിടുന്നതും ശനിയാഴ്ച നിരോധിക്കും. അങ്ങനെയെങ്കില്‍ മകര വിളക്ക്തൊഴാന്‍ യാത്രയാകുന്ന അയ്യപ്പഭക്തരും തിരികെ എത്തുന്നവരുമാകും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുക. പലതവണ പാലത്തിന്റെ ബലം സംബന്ധിച്ച്‌ ആശങ്ക ഉയര്‍ന്നെങ്കിലും പൊതുമരാമത്ത് വിഭാഗവും, കെഎസ്ടിപിയും ജാഗ്രത കാണിക്കാത്തത് ആണ് പാലത്തിന്റെ തകര്‍ച്ചയിലേക്ക് വഴിതെളിച്ചതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *