എ.ഡി.ജി.പിയുടെ മകള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി
തിരുവനന്തപുരം: എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി. ബറ്റാലിയന്‍ എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറിനാണ് മര്‍ദ്ദനമേറ്റത്. ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
എ.ഡി.ജി.പിയുടെ മകള്‍ക്കെതിരെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായി ഗവാസ്‌കര്‍ പറഞ്ഞു. രാവിലെ നടക്കാനായി എ.ഡി.ജി.പിയുടെ ഭാര്യയേയും മകള്‍ സ്‌നിക്തയേയും കനകക്കുന്നില്‍ കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം. തലേ ദിവസം സ്‌നിക്തയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിക്ത അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.

രാവിലെ കനകക്കുന്നില്‍വച്ചും സ്‌നിക്ത അസഭ്യം പറയല്‍ തുടര്‍ന്നു. ഇതിനെ ഗവാസ്‌കര്‍ എതിര്‍ക്കുകയും ഇനിയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കാന്‍ കഴിയില്ല എന്നു പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്‌നിക്ത വണ്ടിയില്‍നിന്ന് ഇറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം വിട്ടു നല്‍കാന്‍ കഴിയില്ല എന്നു പറഞ്ഞതോടെ സ്‌നിക്ത ഓട്ടോയില്‍ കയറി പോയി.

വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തിയ സ്‌നിക്ത വാഹനത്തില്‍ മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയായിരുന്നു. സംഭവത്തില്‍ എ.ഡി.ജി.പി. ഇതുവരെയും പ്രതികരിച്ചിട്ടില്ല.




