എസ്‌എന്‍എം പോളിടെക്‌നിക്കില്‍ എബിവിപിക്കാര്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു
പറവൂര്‍: മാല്യങ്കര എസ്‌എന്‍എം പോളിടെക്‌നിക്കില്‍ എ.ബി.വി.പി.ക്കാര്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു. കൊട്ടുവള്ളിക്കാട് തുണ്ടത്തില്‍ ഐദിത്തിന്റെ മകന്‍ നിയോഗിനെയാണ് (21) ക്രൂരമായി മര്‍ദിച്ചത്. നിയോഗിനെ ഗുരുതര പരിക്കുകളോടെ പറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്‌ധ ചികിത്സയ്‌ക്കായി ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞാണ് മുപ്പതംഗ ക്രിമിനല്‍ സംഘം കമ്പിവടിയും കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചത്. തലയ്‌ക്കും നെഞ്ചിനും പരിക്കുണ്ട്.
ക്യാമ്പസില്‍ പ്രവേശനോത്സവം നിയോഗിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ നടത്തിയത് എബിവിപിക്കാരെ പ്രകോപിപ്പിച്ചിരുന്നു. പലവട്ടം നിയോഗിനെ ആക്രമിക്കാന്‍ ഇവര്‍ ശ്രമിച്ചു. ഇതിനിടെ, പരിക്കേറ്റ നിയോഗിനെതിരെ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത് ക്രിമിനലുകളെ സഹായിക്കാനാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ലാബിന്റെ പോരായ്മകളും ശുദ്ധജല ദൗര്‍ലഭ്യമുള്‍പ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നിയോഗ് നടത്തിയ സമരങ്ങളാണ് പ്രിന്‍സിപ്പലിന്റേയും മാനേജ്മെന്റിന്റേയും എതിര്‍പ്പിന് കാരണം. പ്രിന്‍സിപ്പലിന്റെ നിലപാട് അംഗീകരിക്കാനാകില്ലെന്നും ക്യാമ്ബസിനകത്തെ ക്രിമിനലുകളെ പുറത്താക്കണമെന്നും ഏരിയ സെക്രട്ടറി സി ബി ആദര്‍ശ്, പ്രസിഡന്റ് സൂര്യദേവ് എന്നിവര്‍ പറഞ്ഞു.




