എളമ്പിലാട് MLP സ്കൂളിൽ ” അന്നം അമൃതം ” പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: ചിങ്ങപുരം വൻമുകം – എളമ്പിലാട് എം.എൽ.പി. സ്കൂളിൽ പി.ടി.എ.യുടെ സഹകരണത്തോടെ നടപ്പാക്കുന്ന അന്നം അമൃതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മൂടാടി പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ: കെ.എം.പി.ഫർഹാന ഉച്ചഭക്ഷണം വിളമ്പിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ. ശ്രീഷ്ന അദ്ധ്യക്ഷത വഹിച്ചു.
ഇടവേള ഭക്ഷണം, ഉച്ച ഭക്ഷണം എന്നിവ പി. ടി. എ യുടെ സഹകരണത്തോടെ വൈവിധ്യവത്കരിക്കുന്നതോടൊപ്പം ഓരോ ദിവസവും ഉച്ചഭക്ഷണ സമയത്തും, ഇടവേള ഭക്ഷണ സമയത്തും പുറത്ത് വീഴുന്ന ചോറ് മണികളും, ഭക്ഷ്യധാന്യങ്ങളും ഓരോ ക്ലാസ്സും സന്ദർശിച്ച് പ്രത്യേക റജിസ്റ്റർ ഉപയോഗിച്ച് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ എണ്ണി നോക്കി അതാത് ദിവസങ്ങളിൽ രേഖപ്പെടുത്തും.
ഓരോ ദിവസവും ഓരോ ക്ലാസിലെയും മികച്ച കുട്ടിയെയും കണ്ടെത്തുന്ന വിപുലമായ ഭക്ഷണ പദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്. മാസാവസാനം മികച്ച ഭക്ഷണ ക്രമം പാലിച്ച ക്ലാസിനും, കുട്ടിക്കും പ്രത്യേക അസംബ്ലിയിൽ സമ്മാനദാനം നൽകും. ഭക്ഷണം പാഴാക്കുന്ന സാഹചര്യം ഇല്ലാതാക്കി കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാൻ ഉദ്ദേശിച്ചുള്ള ഈ പദ്ധതി അടുത്ത ഘട്ടത്തിൽ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
പരിപാടിയിൽ എം. വിനയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ലീഡർ ദിയലിനീഷ് ഭക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ടി. എ. ഭാരവാഹികളായ പി എസ് ശ്രീല, കെ.സുജില എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എൻ. ടി. കെ. സീനത്ത് സ്വാഗതവും, പി. നൂറുൽ ഫിദ നന്ദിയും പറഞ്ഞു.
