എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 അംഗങ്ങള്‍ ഉണ്ടാകും; വൈക്കം വിശ്വന്‍
തിരുവനന്തപുരം > പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍ 19 അംഗങ്ങള്‍ ഉണ്ടാകും. ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗത്തിനു ശേഷം കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. യോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായി.
സിപിഐ എമ്മിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരുണ്ടാകും. സിപിഐക്ക് നാലും ജെഡിഎസ്, എന്‍സിപി, കോണ്‍ഗ്രസ് എസ് എന്നിവയ്ക്ക് ഒന്നു വീതവും. സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കുമാണ്. എല്‍ഡിഎഫിനോട് സഹകരിക്കുന്ന മറ്റ് പാര്‍ടി പ്രതിനിധികള്‍ ഭരണമുന്നണിയില്‍ തുടരും.

യുഡിഎഫ് മന്ത്രിസഭയില്‍ 21 അംഗങ്ങളും മന്ത്രി പദവിയുള്ള ചീഫ് വിപ്പും ഉണ്ടായിരുന്നു. അത്രയും വേണ്ടെന്ന് എല്‍ഡിഎഫ് തീരുമാനിച്ചു.
ഇരുപത്തഞ്ചിന് വൈകിട്ട് നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. തുടര്‍ന്ന് ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭാ സമ്മേളനത്തിന്റെ തീയതി നിശ്ചയിക്കും.

മികച്ച വിജയം സമ്മാനിച്ച ജനങ്ങളെ എല്‍ഡിഎഫ് അഭിവാദ്യം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. പ്രകടനപത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കും. മതനിരപേക്ഷ, അഴിമതിവിമുക്ത, വികസിതകേരളം എന്ന മുദ്രാവാക്യമാണ് എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. ജനങ്ങള്‍ അതിന് അംഗീകാരം നല്‍കി. വ്യത്യസ്ത രീതിയിലുള്ള പ്രചാരണം നടത്തിയിട്ടും തെരഞ്ഞെടുപ്പുരംഗത്ത് വന്‍തോതില്‍ പണമൊഴുക്കിയിട്ടും കേരളജനത അഴിമതിക്കെതിരെയും മതനിരപേക്ഷതയ്ക്കും നാടിന്റെ വികസനത്തിനും വേണ്ടിയും എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു.

തെരഞ്ഞെടുപ്പിനു ശേഷം ബിജെപി സംസ്ഥാനത്ത് അക്രമം അഴിച്ചുവിടുകയാണ്. എംഎല്‍എയെ ആക്രമിച്ചു. രണ്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരെ കൊലപ്പെടുത്തി. വീടുകള്‍ ആക്രമിച്ചു. സ്ത്രീകള്‍ക്കെതിരെയും ആക്രമണം നടത്തി. തങ്ങള്‍ക്ക് ആഹ്ളാദപ്രകടനം നടത്താന്‍ പറ്റാത്തതിനാല്‍ എല്‍ഡിഎഫിന്റെ ആഹ്ളാദപ്രകടനങ്ങളെ ആക്രമിക്കുകയായിരുന്നു ബിജെപി പ്രവര്‍ത്തകര്‍. കേന്ദ്രമന്ത്രിമാരുടെയും ബിജെപിയുടെ ദേശീയ നേതാക്കളുടെയും ആഹ്വാനപ്രകാരം ഡല്‍ഹിയിലെ എ കെ ജി ഭവന്‍ ആക്രമിച്ചു. എല്‍ഡിഎഫ് ജയിച്ചപ്പോള്‍ അക്രമമെന്ന് വരുത്തിത്തീര്‍ക്കാനാണ് കേരളത്തില്‍ ഉടനീളം ബിജെപി അക്രമം നടത്തുന്നത്.
ബിജെപി അക്രമത്തിനെതിരായ പ്രമേയം എല്‍ഡിഎഫ് യോഗം അംഗീകരിച്ചു. പ്രാദേശികതലത്തില്‍ പ്രകടനവും യോഗവും നടത്തി ബിജെപി അക്രമത്തെ തുറന്നുകാട്ടുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
സിപിഐ എം മന്ത്രിമാരെ തിങ്കളാഴ്ച ചേരുന്ന സിപിഐ എം സംസ്ഥാനകമ്മിറ്റി നിശ്ചയിക്കും. മറ്റ് എല്‍ഡിഎഫ് ഘടകകക്ഷികളുടെ മന്ത്രിമാര്‍ ആരെന്നും തിങ്കളാഴ്ച തന്നെ അറിയാനാകും.
