എല്‍ഡിഎഫ് കൂടുതല്‍ സീറ്റുകള്‍ നേടും: എ വിജയരാഘവന്‍

തിരുവനന്തപുരം > ഏറ്റവും കൂടുതല്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വിജയിക്കുന്ന തെരഞ്ഞെടുപ്പാണ‌് വരാന്‍ പോകുന്നതെന്ന‌് എല്‍ഡിഎഫ‌് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. കെഎസ‌്ടിഎ യാത്രയയപ്പ‌് സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഇടതുപക്ഷത്തെ ജനങ്ങള്‍ വിജയിപ്പിക്കും. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ കൂടുതല്‍ ഇടതുപക്ഷ എംപിമാരുണ്ടാകണം. രാജ്യത്തിന്റെ അസ‌്തിവാരം തകര്‍ക്കുന്ന രാഷ്ട്രീയനയമാണ‌് ബിജെപിയുടേത‌്. നാടിന്റെ പൊതുപുരോഗതി തടസ്സപ്പെട്ടു.
എല്ലാം വര്‍ഗീയമായി കാണുന്ന രീതി വളര്‍ത്തിയെടുത്തു. ജീവിതവും രാജ്യവും തകരുകയാണെന്ന‌് ജനം മനസ്സിലാക്കണം. എന്തുവില നല്‍കിയും ബിജെപിയെ തോല്‍പ്പിക്കണം. ബിജെപി നീട്ടുന്ന നോട്ട‌്കെട്ടുകള്‍ക്ക‌് മുന്നില്‍ തോറ്റുപോകുന്ന പാര്‍ടിയാണ‌് കോണ്‍ഗ്രസ‌്. ഇടതുപക്ഷ എംപിമാരുടെ അംഗബലം കുറയ‌്ക്കാന്‍ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നുണ്ട‌്. ഇതിനായി സംസ്ഥാനത്ത‌് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയചേരി സൃഷ്ടിക്കാനും ശക്തിപ്പെടുത്താനും ബിജെപിയുമായി കോണ്‍ഗ്രസ‌് കൂട്ടുകെട്ട‌് ഉറപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ബിജെപിയെ ഒരുവിഷയത്തിലും നോവിക്കാന്‍ കോണ്‍ഗ്രസ‌് തയ്യാറാകുന്നില്ല.

സംഘപരിവാര്‍ അക്രമികള്‍ക്ക‌് ഒപ്പമാണ‌് രമേശ‌് ചെന്നിത്തലയും കൂട്ടരും. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്ക‌് ഒപ്പം എന്ന‌് പറഞ്ഞ‌് ബിജെപിയുമായി കൂട്ടുകൂടാന്‍ ന്യായം കണ്ടെത്തുന്നു. എന്നാല്‍, വിശ്വാസത്തിന്റെ മറവില്‍ അക്രമം നടത്തുന്നവരെ നാട‌് അംഗീകരിക്കില്ല. ഇതിന‌് തെളിവാണ‌് സംഘപരിവാര്‍ സമരം പൊളിഞ്ഞത‌്. ഇടതുപക്ഷ മുന്നേറ്റത്തെ തടയിടാന്‍ കുത്തകമാധ്യമങ്ങളും ഒപ്പം ചേരുന്നു. അവരുടെ വലിയ കളവാണ‌് തെരഞ്ഞെടുപ്പ‌് സര്‍വേ ഫലങ്ങളെന്നും ഇടതുപക്ഷത്തിന‌് നേര്‍ക്കുള്ള ആക്രമണങ്ങള്‍ തിരിച്ചറിയണമെന്നും വിജയരാഘവന്‍ പറഞ്ഞു.

