KOYILANDY DIARY

The Perfect News Portal

എറണാകുളം അസിസ്റ്റന്റ് കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു

കാക്കനാട്: എറണാകുളം അസിസ്റ്റന്റ് കലക്റ്ററായി പ്രാഞ്ജ പാട്ടീല്‍ ചുമതലയേറ്റു. മഹാരാഷ്ട്രയില്‍ ഉല്ലാസ്‌നഗര്‍ സ്വദേശിയാണ്. ദൂരദര്‍ശനില്‍ എന്‍ജിനീയറായ എല്‍ബി പട്ടേലിന്റെയും ജ്യോതി പട്ടേലിന്റെയും മകളാണ്. ആറാം വയസില്‍ കാഴ്ച നഷ്ടപ്പെട്ട പ്രാഞ്ജ നിശ്ചയദാര്‍ഢ്യം കൊണ്ടും വീട്ടുകാരുടെ പിന്തുണയും കൊണ്ടാണ് സ്വപ്നപദവിയിലെത്തിയത്. സ്‌ക്രൈബിന്റെ സഹായത്തോടെയാണ് പരീക്ഷയെഴുതിയതും വിജയിച്ചതും. കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിച്ചതാണ് പഠനവഴിയില്‍ സഹായകമായതെന്ന് പ്രാഞ്ജ.

2016ല്‍ ആദ്യമായി സിവില്‍ സര്‍വീസ് എഴുതിയപ്പോള്‍ 773ാം റാങ്കായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ റെയിൽവേ
അക്കൗണ്ട്‌സ് സര്‍വീസ് (ഐആര്‍എഎസ്) വിഭാഗത്തില്‍ അവസരം ലഭിച്ചിരുന്നെങ്കിലും പൂര്‍ണമായി അന്ധതയുള്ളവര്‍ക്ക് നിയമനം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു റെയ്ല്‍വേയുടെ നിലപാട്. തുടര്‍ന്ന് 2017ല്‍ രണ്ടാമത് എഴുതിയ പരീക്ഷയില്‍ 124ാം റാങ്ക് ലഭിച്ചു. ഇതെത്തുടര്‍ന്നാണ് സിവില്‍ സര്‍വീസിലെത്തിയത്.

മുംബൈ സെന്റ് ജോസഫ്‌സ് കോളെജില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ജെഎന്‍യുവില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്. ആദ്യമായാണ് കേരളത്തില്‍. ബിസിനസു കാരനായ കോമള്‍ സിങ് പാട്ടേലാണ് ഭര്‍ത്താവ്. പ്രാഞ്ജയെ സഹായിക്കാന്‍ ഓഫിസിലെ ഒരു ജീവനക്കാരിയെയും കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ചുമതലപ്പെടുത്തി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *