KOYILANDY DIARY

The Perfect News Portal

എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കി: ലാബിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി

കോഴിക്കോട്: യുവാവിന്റെ രക്ത പരിശോധനയ്ക്കുശേഷം എയ്ഡ്സ് ആണെന്ന് തെറ്റായ ഫലം നല്‍കിയതായികാട്ടി പിതാവ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒയ്ക്കും പരാതി നല്‍കി.

ഹീമോഫീലിയ ബാധിതനായ യുവാവിന്റെ ശരീരത്തില്‍ രക്തം കയറ്റാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ആലിയ ലാബില്‍ രക്തസാമ്പിള്‍ നല്‍കി.

മെഡിക്കല്‍കോളേജിലെ ലാബ് അടച്ചതിനാലായിരുന്നു സ്വകാര്യ ലാബിനെ ആശ്രയിച്ചത്. എച്ച്‌ഐവിയുടെ കൂടിയ അളവായ 5.32 ആണ് പരിശോധനാ ഫലത്തില്‍ രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ടില്‍ അസ്വാഭാവികത തോന്നിയ ഡോക്ടര്‍ വീണ്ടും യുവാവിന് എയ്ഡ്സിനുള്ള എലിസ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു.

Advertisements

തുടര്‍ന്ന് മെഡിക്കല്‍ കോളേജിലുള്ള ലാബിലും ആശുപത്രിക്കടുത്തുള്ള മറ്റൊരു സ്വകാര്യ ലാബിലും രക്തം പരിശോധനക്ക് നല്‍കി. രണ്ടു പരിശോധനയിലും എച്ച്‌ഐവി നെഗറ്റീവാണെന്നായിരുന്നു ഫലം.

എച്ച്‌ഐവി പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് തന്നെയും നിര്‍ധന കുടുംബത്തെയും വല്ലാതെ തളര്‍ത്തിയെന്ന് യുവാവിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മൂന്നു മക്കള്‍ക്കും ഹീമോഫീലിയ രോഗമാണ്. രോഗം അധികമാകുമ്പോഴാണ് മെഡിക്കല്‍ കോളേജില്‍ രക്തം കയറ്റാന്‍ കൊണ്ടുവരുന്നത്. ഇതിനിടയില്‍ ഇത്തരം സംഭവങ്ങള്‍ മാനസിക പ്രയാസമുണ്ടാക്കുന്നു. ലാബിനെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അച്ഛന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *