KOYILANDY DIARY.COM

The Perfect News Portal

എടിഎം കവര്‍ച്ചാ കേസില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊച്ചി: ഇരുമ്പനത്തും കൊരട്ടിയിലുമായി നടന്ന എടിഎം കവര്‍ച്ചാ കേസില്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. എ.ടി.എം കൊള്ളയടിക്കാന്‍ കവര്‍ച്ചാ സംഘം ഗ്യാസ് കട്ടര്‍ സംഘടിപ്പിച്ചത് കോട്ടയത്ത് നിന്നെന്നാണ്‌ സൂചന. വാഹനം ഉപേക്ഷിച്ചപ്പോള്‍ ഗ്യാസ് കട്ടറ്‍ വഴിയിലെവിടെയെങ്കിലും ഉപേക്ഷിച്ചിരിക്കാമെന്നും അന്വേഷണ സംഘം കരുതുന്നു. മൂന്നംഗ സംഘമാണ്‌ മോഷണത്തിന്‌ പിന്നിലെന്ന്‌ കരുതുന്നു. കോട്ടയം കോടിമതയില്‍നിന്ന്‌ മോഷ്‌ടിച്ച പിക്കപ്പ്‌ വാനാണ്‌ ഇവര്‍ കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്‌.

ഗ്യാസ് സിലിണ്ടറും കട്ടര്‍ മെഷീനുമായി കവര്‍ച്ചാസംഘം ട്രെയിനിലോ ബസിലോ സഞ്ചരിക്കാന്‍ സാധ്യതയില്ലെന്ന വിശ്വാസത്തിലാണ് പൊലീസ്. ചാലക്കുടിയിലോ പരിസരപ്രദേശത്തോ ഉപേക്ഷിച്ചിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. വാഹനം ഉപേക്ഷിച്ച്‌ ചാലക്കുടി ഹൈസ്കൂള്‍ ഗ്രൗണ്ടിന് സമീപത്ത് ഇതിനായി തെരച്ചില്‍ നടത്തുന്നുണ്ട്. കൊരട്ടിമുതല്‍ ചാലക്കുടി വരെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്‌. സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്‌.

കട്ടറിലെയും സിലിണ്ടറിലെയും അടയാളം വെച്ച്‌ വാങ്ങിയ കട കണ്ടെത്താമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇതിലൂടെ കടയുടെ സമീപത്തുളള സിസിടിവി ദൃശ്യങ്ങളും കണ്ടെടുക്കാമെന്ന് പൊലീസ് കരുതുന്നുു .എടിഎമ്മിനകത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ മുഖം മൂടിയ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്. മറ്റെന്തെങ്കിലും ദൃശ്യങ്ങള്‍ കിട്ടുമോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Advertisements

ചാലക്കുടിയില്‍ വണ്ടി ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരമാണ് റയില്‍വേ സ്റ്റേഷനിലേക്കുളളത്. മോഷ്ടാക്കള്‍ ട്രെയിന്‍ വഴി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തില്‍ തമിഴ്നാട്ടിലേക്കും കര്‍ണ്ണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊബൈല്‍ നമ്ബര്‍ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്.

കവര്‍ച്ച നടന്ന സമയത്ത് ആക്ടീവായിരുന്ന ഫോണ്‍ കോളുകള്‍ ആരുടേതാണെന്നാണ് പരിശോധിക്കുന്നത്. മൊബൈല്‍ ടവറുകളുടെ കീഴിലെ കോളുകളുടെ പട്ടിക തയാറാക്കി വരികയാണ്. സിസിടിവി കാമറയില്‍ പതിഞ്ഞ മോഷ്ടാവിന്റെ മുഖം സ്ഥിരം കുറ്റവാളികളുടേതാണോയെന്ന് അറിയാന്‍ പൊലീസിന്റെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതു പോസ്റ്റ് ചെയ്തിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *