എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: എടപ്പാളിലെ തീയേറ്റര്‍ പീഡനക്കേസില്‍ തീയേറ്റര്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. പീഡന വിവരം കൃത്യസമയത്ത് അറിയിക്കാന്‍ വൈകിയതിനും, പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനുമാണ് തീയേറ്റര്‍ ഉടമയായ സതീശിനെ പോലീസ് അറസ്റ്റ് ചെയ്തത്.
2018 ഏപ്രില്‍ 18നാണ് എടപ്പാളിലെ തീയേറ്ററില്‍ വച്ച് പത്തു വയസുകാരി പീഡിപ്പിക്കപ്പെട്ടത്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീന്‍കുട്ടിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയായിരുന്നു പീഡനം. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി സിസിടിവിയില്‍ നിന്ന് വ്യക്തമായ തീയേറ്റര്‍ ഉടമയും ജീവനക്കാരും ആദ്യം മലപ്പുറം ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ തെളിവ് സഹിതം ചങ്ങരംകുളം പോലീസില്‍ പരാതി നല്കി. എന്നാല്‍ മൊയ്തീന്‍കുട്ടിയുടെ സാമ്ബത്തിക സ്ഥിതിയും സ്വാധീനവും കാരണം ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം തീയേറ്റര്‍ ഉടമ മാധ്യമങ്ങളെ അറിയിച്ചത്.

തീയേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് പത്തു വയസുകാരി പീഡനത്തിനിരയായ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അപ്പോഴേക്കും സംഭവം നടന്ന് ഒരു മാസം പിന്നിട്ടിരുന്നു. പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ടത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസ് കേസെടുത്തു. മൊയ്തീന്‍കുട്ടിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടും കേസെടുക്കാതിരുന്ന ചങ്ങരംകുളം എസ്ഐക്കെതിരെയും നടപടിയുണ്ടായി.

എടപ്പാളിലെ തീയേറ്റര്‍ പീഡനം തക്കസമയത്ത് ബന്ധപ്പെട്ടവരെ അറിയിച്ചതിന് സംസ്ഥാന വനിതാ കമ്മീഷനടക്കം തീയേറ്റര്‍ ഉടമയെയും ജീവനക്കാരെയും അഭിനന്ദിച്ചിരുന്നു. ഈ അഭിനന്ദനങ്ങള്‍ക്ക് പിന്നാലെയാണ് ചങ്ങരംകുളം പോലീസ് തീയേറ്റര്‍ ഉടമയെയും കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിചിത്രമായ കാര്യങ്ങള്‍ പറഞ്ഞാണ് പോലീസിന്റെ നടപടി. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

