എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒന്നേകാല്‍ കോടിയുടെ തട്ടിപ്പ്; തമിഴ്നാട് സ്വദേശി പിടിയില്‍

പാലക്കാട്: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. കെമ്പഗൗഡ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ബോര്‍ഡ് മെമ്പര്‍ കൃഷ്ണശി ജില്ലയിലെ ജക്കപ്പ നഗര്‍ സ്വദേശിയായ ശിവകുമാറി (37) നെയാണ് ടൗണ്‍ നോര്‍ത്ത് പോലീസ് സംഘം ബംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.
പാലക്കാട് വലിയപാടം സ്വദേശിയും നേത്രചികിത്സാ വിദഗ്ധനുമായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്. തന്റെ രണ്ടാമത്തെ മകന് മെഡിക്കല്‍ സീറ്റിനായി കൃഷ്ണഗിരിയിലുള്ള കെമ്പ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എത്തി. അവിടെയുണ്ടായിരുന്ന ശിവകുമാര്‍ താന്‍ മാനേജ്മെന്റ് ട്രസ്റ്റിയാണെന്നും എന്‍ആര്‍ഐ ക്വാട്ട ഒഴിവില്‍ സീറ്റുണ്ടെന്നും ഒരു കോടി 20 ലക്ഷം രൂപ മൊത്തത്തിലും, കൂടാതെ വര്‍ഷം തോറും 22 ലക്ഷം രൂപ വേറെയും ചിലവ് വരുമെന്ന് പറയുകയും ചെയ്തു.

പിന്നീട് ശിവകുമാര്‍ ഡോക്ടറെ ഫോണില്‍ വിളിച്ച് എന്‍ആര്‍ഐ ക്വാട്ട സീറ്റിലേക്ക് ഒരുപാടു ആവശ്യക്കാര്‍ ഉണ്ടെന്നും പണം ഉടന്‍ വേണമെന്ന് പറയുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ശിവകുമാര്‍ നല്കിയ ബാങ്ക് അക്കൗണ്ടുകളിലേക്ക് പല തവണകളിലായി 1.17 കോടി രൂപ അയച്ചുകൊടുക്കുകയായിരുന്നു.എന്നാല്‍, സീറ്റുമായി ബന്ധപ്പെട്ട് കോളേജില്‍ ചെന്നപ്പോഴാണ് ശിവകുമാറിനെ ട്രസ്റ്റില്‍ നിന്നും പിരിച്ചു വിട്ട വിവരം അറിയുന്നത്. ശിവകുമാര്‍ പണവും കൊണ്ട് മുങ്ങുകയായിരുന്നു.

തുടര്‍ന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ബാംഗളൂരുവില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ പിടികൂടാനായത്. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിച്ചു. നടപടിക്രമങ്ങള്‍ക്കു ശേഷം ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. തുടരന്വേഷണത്തിനായി ശിവകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.

പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ടൗണ്‍ നോര്‍ത്ത് എസ്ഐ കമറുദ്ദീന് വള്ളിക്കാടന്, സിപിഒമാരായ ബിനു രാമചന്ദ്രന് , ദിലീപ് ഡി നായര്‍, എസ് സന്തോഷ് കുമാര്‍, സൈബര്‍ സെല്‍ ഉദ്യോഗസ്ഥരായ സതീഷ്, ഷെബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
