KOYILANDY DIARY.COM

The Perfect News Portal

എംഎല്‍എ ശബരിനാഥും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മകനും എംഎല്‍എയുമായ ശബരിനാഥും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരാകുന്നു. ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിന് വഴിമാറുകയായിരുന്നു.

പ്രണയത്തിന് ഇരുകുടുംബങ്ങളും അനുഗ്രഹാശിസുകളുമായി എത്തിയതോടെ കാര്യങ്ങള്‍ വിവാഹത്തിലേക്ക് എത്തി. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. ജൂണില്‍ വിവാഹമുണ്ടാകുമെന്ന് ദിവ്യ പറഞ്ഞു. കഴിഞ്ഞാഴ്ചയായിരുന്നു വിവാഹമുറപ്പിക്കല്‍ ചടങ്ങ്.

ജി.കാര്‍ത്തികേയന്റേയും ഡോ.എം.ടി.സുലേഖയുടേയും ഇളയ മകനാണ് ശബരിനാഥന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ശബരിനാഥന്‍ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരുടെ ജോലി രാജിവച്ചിരുന്നു.

Advertisements

ഐ.എസ്.ആര്‍.ഒയില്‍ ഉദ്യോഗസ്ഥനായിരുന്ന ശേഷയ്യരുടേയും എസ്.ബി.ടി ഉദ്യോഗസ്ഥയായിരുന്ന ഭഗവതി അമ്മാളുടേയും മകളാണ് ദിവ്യ. പത്താംക്ലാസില്‍ റാങ്ക് നേട്ടത്തോടെ തുടങ്ങി കൈവച്ചതെല്ലാം പൊന്നാക്കിയതിന്റെ ചരിത്രമാണ് ദിവ്യയുടേത്.

പഠനം മാത്രമല്ല, സംഗീതം, നൃത്തം, മോണോ ആക്ട്, നാടകം, കഥാപ്രസംഗം, എഴുത്ത്, പെയിന്റിംഗ്, ഒഡിസീ…അങ്ങനെ സകലകലാവല്ലഭയാണ് ദിവ്യ. ഇതിനിടെ സിനിമയിലും മുഖംകാട്ടി. യുവജനോത്സവങ്ങളിലെ താരമായിരുന്ന ദിവ്യ സംഗീതക്കച്ചേരികളും നടത്തിയിട്ടുണ്ട്.

മെഡിക്കല്‍ ബിരുദം നേടിയശേഷം വെല്ലൂരില്‍ ന്യൂറോസര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്യുന്നതിനിടെ അവധിയെടുത്ത് സിവില്‍സര്‍വീസ് പരിശീലനം നടത്തി.ആദ്യശ്രമത്തില്‍ 129ആം റാങ്കോടെ റവന്യൂ സര്‍വീസാണ് കിട്ടിയത്.

ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 48ആം റാങ്കോടെ ഐ.എ.എസിലേക്കെത്തി. കോട്ടയം അസി. കളക്ടറായിരിക്കേ തിരഞ്ഞെടുപ്പില്‍ നാട്ടുകാരെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ദിവ്യ നടത്തിയ ബോധവത്കരണം ശ്രദ്ധ നേടിയിരുന്നു.

സ്വന്തമായി എഴുതി, പാടി അഭിനയിച്ച വീഡിയോഗാനവും ദിവ്യ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വോട്ടുബോധവത്കരണത്തിനുള്ള ഔദ്യോഗിക ഗാനമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് അംഗീകരിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *