ഉല്ലാസയാത്ര പോയ യുവാക്കള്‍ മരിച്ചതായി വ്യാജ പ്രചാരണം; പൊലീസില്‍ പരാതി നല്‍കി

മമ്പാട്: പെരുന്നാള്‍ ആഘോഷിക്കാന്‍ ഊട്ടിയിലേക്ക് ഉല്ലാസയാത്ര പോയ സുഹൃത്തുക്കള്‍ മരിച്ചതായി സോഷ്യല്‍ മീഡിയ പ്രചാരണം. ജീവിച്ചിരിക്കുന്നവര്‍ക്ക് ആദരാഞ്ജലി നേര്‍ന്ന് സോഷ്യല്‍ മീഡിയ. യുവാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം പാലക്കാട്ടുണ്ടായ ആംബുലന്‍സ് അപകടത്തില്‍ കൊല്ലപ്പെട്ടവരെന്ന വ്യാജേനയാണ് യുവാക്കളുടെ ഗ്രൂപ് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
മമ്പാട് സ്വദേശികളായ അജ്‌നാസ് നടുവക്കാട്, പട്ടാമ്ബി ജംഷീര്‍ തൃക്കൈകുത്ത്, ജംഷിദ് കൂളിക്കല്‍, ആസിഫ് ഓടായിക്കല്‍, അഫ് ലു എടക്കര എന്നിവരുടെ ഫോട്ടോയാണ് അപകടത്തില്‍ മരണപ്പെട്ടവര്‍ എന്ന രീതിയില്‍ ഫെയ്‌സ് ബുക്കിലും വാട്‌സാപ്പിലുമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന അപകട വാര്‍ത്തയില്‍ ഉള്‍പ്പെടുത്തി ഇവരുടെ പടം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നെങ്കിലും യുവാക്കള്‍ കാര്യമായി എടുത്തിരുന്നില്ല.

എന്നാല്‍ ഞായറാഴ്ച പാലക്കാട് നടന്ന അപകടത്തെ തുടര്‍ന്ന് വീണ്ടും ഇവരുടെ ഇതേ ഫോട്ടോ വച്ച് ആദരാഞ്ജലികള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായതോടെ യുവാക്കള്‍ രാത്രി നിലമ്ബൂര്‍ പൊലീസില്‍ പരാതി നല്‍കി. പെരുന്നാളിനോടനുബന്ധിച്ചു ഊട്ടിയിലേക്ക് വിനോദയാത്ര പോയ പടമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.

